കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉത്തരവ്. 67 പ്രോപ്പർട്ടി ഉടമകൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മനൽ അൽ അസ്ഫോർ തീരുമാനം പുറപ്പെടുവിച്ചു. മുനിസിപ്പൽ പരിശോധനയിൽ കെട്ടിടങ്ങളിൽ അപകടസാധ്യത കണ്ടെത്തിയത് കണക്കിലെടുത്താണ് നടപടി. നിരവധി മലയാളികൾ താമസിക്കുന്ന ഇടമാണ് ജലീബ്.
പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലുള്ള ഗവൺമെന്റ് സെന്റർ ഫോർ ടെസ്റ്റിങ്, ക്വാളിറ്റി കൺട്രോൾ ആൻഡ് റിസർച്ച് എന്നിവ കെട്ടിടങ്ങൾ പൊതുജന സുരക്ഷക്ക് ഗുരുതര ഭീഷണി ഉയർത്തുന്നുതായി ചൂണ്ടികാട്ടിയിരുന്നു. ജീവനും സ്വത്തിനും പൊതുസുരക്ഷക്കും സംരക്ഷണം നൽകുന്നതിന് പൊളിക്കൽ അനിവാര്യമാണെന്ന് മുനിസിപ്പാലിറ്റിയും വ്യക്തമാക്കി.
നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിൽ ഉടമകൾ പരാജയപ്പെട്ടാൽ പൊളിക്കൽ നടത്താൻ നേരിട്ട് ഇടപെടുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും നഗര നിലവാരം നിലനിർത്തുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധത എൻജിനീയർ മനൽ അൽ അസ്ഫൂർ സൂചിപ്പിച്ചു. അപകടങ്ങൾ തടയുന്നതിനും താമസക്കാരെ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പരിശോധനകളും നടപടികളും തുടരുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.