‘ഉറങ്ങിപ്പോയ മാവേലിയും  കിറുങ്ങിപ്പോയ മാവേലിയും’ 

കുവൈത്ത് സിറ്റി: സത്യത്തില്‍ സാക്ഷാല്‍ മാവേലിക്കുപോലും ഇത്ര തിരക്കുകാണില്ല. പ്രജകളെ ഒന്നോടിച്ചു കണ്ടാല്‍മതി. ഇതിപ്പോ എല്ലാ ഓണപ്പരിപാടികളിലും പങ്കെടുക്കണം. വലിയ കിരീടവും വെച്ച് കുട്ടികള്‍ക്കും നേതാക്കള്‍ക്കും സംഘടനാ ഭാരവാഹികള്‍ക്കും മുന്നില്‍ തല കുമ്പിട്ടു നില്‍ക്കണം. മാവേലി വേഷംകെട്ടുകാരെക്കുറിച്ചാണ് പറയുന്നത്. എല്ലാ ഓണപ്പരിപാടികളിലും സദ്യയും പായസവും തട്ടി സ്വതവേ കുടവയറന്മവരായ മാവേലി വേഷക്കാര്‍ അവശരാവുന്ന കാഴ്ചയാണെങ്ങും. അവര്‍ ഉറങ്ങിയില്ളെങ്കിലേ പറയാനുള്ളൂ. ഇനി സദ്യ കൊടുക്കുമ്പോള്‍ വേഷക്കാര്‍ക്ക് ചെറിയ ഇല മതിയെന്നാണ് ചില സംഘാടകരുടെ രഹസ്യതീരുമാനം. ഒരു ദിവസം മൂന്ന് ചടങ്ങില്‍ വരെ മാവേലിവേഷം കെട്ടി തളര്‍ന്നുപോയവര്‍ ഉണ്ടത്രെ. ഒന്നു മൂത്രമൊഴിക്കാന്‍ പോലും വിടാതെ പ്രജകള്‍ വളഞ്ഞുവെച്ചിരിക്കുകയാണ് മാവേലിയെ. ഉറങ്ങിപ്പോയ മാവേലി, കിറുങ്ങിപ്പോയ മാവേലി, സെല്‍ഫിയെടുക്കുന്ന മാവേലി തുടങ്ങി പലതരം മാവേലിയെ ഇവിടെ കാണാം. അതിനിടെ കുടയെടുക്കാന്‍ മറന്നുപോയ മാവേലിയുടെ ‘കലാ’ പ്രകടനമാണ് വെള്ളിയാഴ്ചത്തെ ഹൈലൈറ്റ്. വെപ്രാളം തന്‍െറ മുഖത്തുനിന്നും പതുക്കെ കുടവയറിലേക്കാവാഹിച്ച് അദ്ദേഹം തടിയൂരി. എന്നാല്‍ ഇത്തരക്കാരെയൊക്കെ പാതാളത്തിലേക്ക് തള്ളിവിടുന്ന ചില മാവേലികളുടെ ‘മിനുങ്ങല്‍’ കലാപരിപാടികള്‍ ഏറെ വെള്ളം കുടിപ്പിച്ചത് സംഘാടകരെയാണ്. പായസം ഒഴിവാക്കി മിനുങ്ങി നടന്ന ഇത്തരക്കാര്‍ ഒന്ന് രണ്ട് പരിപാടികള്‍ കഴിയുമ്പോഴേക്കും സൈന്‍‘ഓഫ്’ ആകുന്നു.
 പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷമാണ് കുവൈത്തിലെങ്ങും. അത്തം പത്തിന് മുമ്പേ തുടങ്ങിയ ഓണാഘോഷം ഒരുമാസം കഴിഞ്ഞും തുടരുമെന്നതാണ് കൗതുകം. അടുത്ത വരവിന് മാവേലി ഒരുക്കം തുടങ്ങും വരെയും ഇവിടെ ഓണമാഘോഷിക്കുമെന്നാണ് ഇതുസംബന്ധിച്ച് പറയാറുള്ളത്. ഓണസദ്യ തന്നെയാണ് ആഘോഷ പരിപാടിയിലെ മുഖ്യയിനം. പരമ്പരാഗത രുചിക്കൂട്ടില്‍ ഒരുക്കിയ കാളനും ഓലനും അവിയലിനും മറുനാട്ടുകാരിലും ആരാധകരുണ്ട്. പായസത്തിനും പ്രവാസമണ്ണില്‍ പ്രിയമേറെ. ഓണസദ്യക്ക് പ്രത്യേക സമയമൊന്നുമില്ല. ഹാളുകളുടെ ലഭ്യതക്കനുസരിച്ച് രാവിലെ പത്തിനും രാത്രി പത്തിനുമിടയില്‍ ഏതുസമയവുമാവാം. ഒരു സംഘടനയുടെ പേരില്‍ രണ്ട് ഓണാഘോഷവും ഇത്തവണയുണ്ടാവും. ഇടുക്കിയില്‍ ആരാണ് ഒറിജിനല്‍ എന്ന തര്‍ക്കം തീര്‍ന്നിട്ട് കൊടുക്കാമെന്നുവെച്ച് ഇതിന്‍െറ വാര്‍ത്ത പത്രങ്ങളുടെയും ചാനലുകളുടെയും ഫ്രീസറില്‍ ഇരിപ്പാണ്. പ്രജകള്‍ ഇങ്ങനെ അടി തുടങ്ങിയാല്‍ മാവേലി ഇനി ഈ വഴി വരില്ല. സാംസ്കാരിക പരിപാടിയില്‍ മാവേലി തന്നെ സൂപ്പര്‍താരം. 
ഓണാഘോഷത്തില്‍ മാവേലി പക്ഷത്തിനുതന്നെയാണ് പ്രവാസലോകത്ത് ഭൂരിപക്ഷം. വാമനപക്ഷത്ത് ആളുകള്‍ തുലോം കുറവ്. ഉള്ളവര്‍തന്നെ പ്രത്യേക സാഹചര്യത്തില്‍ തലപൊക്കാതെയിരിക്കുകയാണ്. തലപൊക്കിയാല്‍ പത്തിയില്‍ അടിക്കാന്‍ ‘സഖാവ് മാവേലി’യുടെ ആളുകള്‍ തക്കംപാര്‍ത്ത് ഇരിപ്പാണ്.  ഓണാശംസ നേരലും ഓണസദ്യ കഴിക്കലും തൗഹീദിന് വിരുദ്ധമാണോ എന്ന ചര്‍ച്ചയാണ് ഇത്തവണത്തെ പുതിയ തമാശ. ഓണാഘോഷത്തിന്‍െറ വാര്‍ത്ത പത്രത്തില്‍ കൊടുക്കുന്നത് തൗഹീദിന് വിരുദ്ധമാണോ ആവോ!
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.