കുവൈത്ത് സിറ്റി: ആധുനിക കുവൈത്തിന്‍െറ സ്ഥാപകന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന രാജ്യത്തിന്‍െറ ഏഴാമത് ഭരണാധികാരി മുബാറക് അല്‍കബീര്‍ മരിച്ചിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട് തികഞ്ഞു. നൂറുവര്‍ഷം മുമ്പ് നവംബര്‍ 28നാണ് രാജ്യനിവാസികളെ കണ്ണീരിലാഴ്ത്തി മുബാറക് അല്‍കബീര്‍ എന്ന പേരില്‍ പ്രസിദ്ധനായ ശൈഖ് മുബാറക് അസ്സബാഹ് അന്ത്യശ്വാസം വലിച്ചത്. വ്യക്തമായ ധാരണയോടെയും കാഴ്ചപ്പാടുകളോടെയും കുവൈത്തിനെ ഇന്ന് ഈ കാണുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം നല്‍കിയ അനല്‍പമായ സംഭാവനകളും ഭരണ പരിഷ്കാരങ്ങളും കണക്കിലെടുത്താണ് ശൈഖ് മുബാറക് അസ്സബാഹ് എന്ന ഭരണാധികാരി മുബാറക് അല്‍കബീര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 1896 മുതല്‍ 1915 വരെയാണ് ഇദ്ദേഹം കുവൈത്തിന്‍െറ ഭരണസാരഥ്യം വഹിച്ചിരുന്നത്. വിദേശശക്തികളില്‍നിന്നും ഗോത്ര മേല്‍ക്കോയ്മകളില്‍നിന്നും കുവൈത്തിനെ മോചിപ്പിക്കുന്നതിലും തുടര്‍ന്ന് ശക്തമായ അടിത്തറയില്‍ കുവൈത്തിനെ കെട്ടിപ്പടുക്കുന്നതിലും നിര്‍ണായകമായ പങ്കാണ് ഇദ്ദേഹം വഹിച്ചത്. ധീരത, ഉദാരത, കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനമെടുക്കാനും അത് നടപ്പാക്കാനുമുള്ള ആര്‍ജവം എന്നീ ഗുണങ്ങള്‍ മുബാറക് അല്‍കബീറിന്‍െറ പ്രത്യേകതകളായിരുന്നു. ഇത്തരം ഗുണഗണങ്ങള്‍ കാരണം അക്കാലത്ത് മേഖലയില്‍ ശക്തനായ ഭരണാധികാരിയായി മാറാന്‍ സാധിച്ചുവെന്നതിന് പുറമെ, ‘ഉപദ്വീപിലെ സിംഹം’ എന്ന പേരിലും അദ്ദേഹം പ്രസിദ്ധനായി. വിദ്യാഭ്യാസത്തിനും പുരാവസ്തുക്കള്‍ സൂക്ഷിക്കുന്ന കാര്യത്തിലും നിറഞ്ഞ പ്രോത്സാഹനവും പിന്തുണയുമാണ് ഇദ്ദേഹം നല്‍കിയത്. എഴുത്തുകാര്‍ക്ക് നല്‍കിയ പ്രോത്സാഹനം കാരണം ഇദ്ദേഹത്തിന്‍െറ കാലത്ത് നിരവധി ചരിത്ര, ഗവേഷണ ഗ്രന്ഥങ്ങളാണ് വെളിച്ചം കണ്ടത്. കുവൈത്തിനെ അധീനപ്പെടുത്താനുള്ള ഉസ്മാനിയാക്കളുടെ കുതന്ത്രങ്ങള്‍ ഏറെ അധികരിച്ച കാലത്ത് സഹോദരന്‍ ശൈഖ് മുഹമ്മദ് ബിന്‍ സബാഹ് അസ്സബാഹിന്‍െറ പിന്‍ഗാമിയായാണ് ഭരണത്തിന്‍െറ ചെങ്കോല്‍ മുബാറക് അസ്സബാഹ് ഏറ്റെടുത്തത്. പക്ഷേ, രാജ്യത്തിനെതിരെയുള്ള എല്ലാ ഗൂഢനീക്കങ്ങളും കാലേക്കൂട്ടി മനസ്സിലാക്കാന്‍ വിരുത് കാട്ടിയ അദ്ദേഹം ഉസ്മാനിയാക്കളുടെ ദുരാഗ്രഹങ്ങള്‍ക്ക് മുമ്പിലും മുട്ടുമടക്കിയില്ല. 1897ല്‍ മുബാറക് അസ്സബാഹ് ബ്രിട്ടനോട് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും ബ്രിട്ടന്‍ ആവശ്യം നിരാകരിക്കുകയായിരുന്നു. കുവൈത്തിലേക്ക് കടക്കാനുള്ള ജര്‍മനിയുടെ നീക്കം മനസ്സിലാക്കിയ ബ്രിട്ടന്‍ 1899 ജനുവരി 23ന് രാജ്യത്തിന്‍െറ സംരക്ഷണകാര്യത്തില്‍ മുബാറക് അല്‍ കബീറുമായി ധാരണയിലത്തെുകയും ചെയ്തു. വിവിധ ഗോത്രങ്ങള്‍ രാജ്യ വ്യവസ്ഥിതിക്കെതിരെ മുഴക്കിയ ഭീഷണികള്‍ ശക്തമായ സൈനിക നടപടികളിലൂടെ ഇല്ലാതാക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു.
1901ല്‍ അല്‍റഖീമ ഗോത്രത്തിനെതിരെ നടത്തിയ യുദ്ധം ഇതില്‍ പ്രസിദ്ധമാണ്. സഹോദരന്‍ ശൈഖ് ഹമൂദ് അസ്സബാഹിന്‍െറയും മകന്‍ ശൈഖ് സാലിം അല്‍മുബാറക് അസ്സബാഹിന്‍െറയും നേതൃത്വത്തില്‍ നടന്ന സൈനിക നടപടികളിലൂടെ യുദ്ധത്തില്‍ വിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ദുഫൈര്‍, ആല്‍റഷീദ് തുടങ്ങിയ ഗോത്രങ്ങള്‍ രാജ്യത്തിനെതിരെ നടത്തിയ നീക്കങ്ങളും പരാജയപ്പെടുത്തിയത് ഇദ്ദേഹത്തിന്‍െറ കാലത്തുതന്നെയാണ്്. വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ, വ്യാപാരബന്ധത്തിന് തുടക്കമിട്ടത് മുബാറക് അല്‍കബീറിന്‍െറ കാലത്താണ്. ഇന്ത്യയിലെ മുംബൈ, കൊല്‍ക്കത്ത, പോര്‍ബന്ദര്‍, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും പാകിസ്താനിലെ കറാച്ചിയിലും കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രത്യേക കാര്യാലയങ്ങള്‍ തുറന്നുകൊണ്ടാണ് ഇതിന് ആരംഭംകുറിച്ചത്. 1912ല്‍ രാജ്യത്ത് വ്യവസ്ഥാപിതമായി സ്കൂള്‍ ആരംഭിച്ചത് ഇദ്ദേഹമാണ്. ഇതേ തുടര്‍ന്നാണ് മുബാറകിയ സ്കൂള്‍ എന്ന പേരില്‍ അത് അറിയപ്പെടാന്‍ കാരണം. രാജ്യത്തെ പ്രഥമ ആശുപത്രിയും പ്രവര്‍ത്തിച്ചുതുടങ്ങിയത് മുബാറക് അല്‍ കബീറിന്‍െറ കാലത്താണ്. അമേരിക്കന്‍ ആശുപത്രി എന്ന പേരിലുള്ള ഈ കെട്ടിടമാണ് സിമന്‍റും സ്റ്റീലുംകൊണ്ട് തീര്‍ത്ത ആദ്യത്തെ രാജ്യത്തെ വാര്‍പ്പ് കെട്ടിടം. ഈ മഹാനായ ഭരണാധികാരിയെ ആദരിച്ചുകൊണ്ടാണ് രാജ്യത്തെ പല സ്ഥലനാമങ്ങളും പ്രസിദ്ധമായത്. ശര്‍ഖിലെ സൂഖ് മുബാറകിയ, മുബാറക് അല്‍കബീര്‍ ഗവര്‍ണറേറ്റ്, നിര്‍മാണത്തിലിരിക്കുന്ന മുബാറക് അല്‍ കബീര്‍ തുറമുഖം, മുബാറക് അല്‍ കബീര്‍ ആശുപത്രി തുടങ്ങിയ പേരുകള്‍ ഇദ്ദേഹത്തെ ആദരിച്ചുകൊണ്ട് നല്‍കിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.