ദേശീയ ഐക്യം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ആഹ്വാനം

കുവൈത്ത് സിറ്റി: മറ്റു വിഭാഗീയതകള്‍ എല്ലാം മറന്ന് ദേശീയ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും അക്കാര്യത്തില്‍ രാജ്യനിവാസികള്‍ ജാഗ്രത കാണിക്കണമെന്നും സര്‍ക്കാര്‍ ആഹ്വാനംചെയ്തു. അടുത്തിടെ ഭീകരവാദ സംഘടനയായ ഐ.എസുമായി ബന്ധമുള്ള ആറുപേര്‍ പിടിയിലായ സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അസ്സബാഹിന്‍െറ അധ്യക്ഷതയില്‍ കൂടിയ പ്രതിവാര മന്ത്രിസഭാ യോഗമാണ് ഈ ആഹ്വാനം നടത്തിയത്. രാജ്യത്തിന്‍െറ സ്ഥിരതയും സമൂഹത്തിലെ ഐക്യവും തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ ഏര്‍പ്പെടുന്നുണ്ടെന്ന സൂചനയാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്നത്. 
ഈ ഘട്ടത്തില്‍ ഏറെ ജാഗ്രതയോടെവേണം നാം കാര്യങ്ങള്‍ കൈകാര്യംചെയ്യേണ്ടത്. ദുഷ്ടലക്ഷ്യവുമായി ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് അത് പൂര്‍ത്തീകരിക്കാന്‍ അവസരം കൊടുക്കാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. കഴിഞ്ഞ ദിവസം പിടിയിലായതുപോലുള്ള  ശൃംഖലകളെക്കുറിച്ച് രഹസ്യവിവരമോ മറ്റോ ഉള്ളവര്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ 
വൈകരുതെന്ന് മന്ത്രിസഭ ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. 
വലിയതോതില്‍ നാശത്തിന് കാരണമാകുമായിരുന്ന ഭീകരവാദികളുടെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കിയ സുരക്ഷാ വിഭാഗത്തെ മന്ത്രിസഭ അഭിനന്ദിച്ചു. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ഹമദ് അസ്സബാഹ് അവസാനം പിടിയിലായ ഐ.എസ് ശൃംഖലയുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ മന്ത്രിസഭയെ ധരിപ്പിച്ചു. ഈ മാസം 19നാണ് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് സാമ്പത്തിക സഹായവും ആയുധ സഹായവും നല്‍കിവന്ന ശൃംഖലയിലെ ആറുപേരെ സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.