വേനൽക്കാലത്ത് ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രവാസ ലോകത്തെ എല്ലാവർക്കും വ്യക്തമായ അവബോധം ഉണ്ടായിരിക്കണം. അതിനായി പാലിക്കേണ്ട നിർദേശങ്ങളും നിബന്ധനകളും അധികൃതർ പുറപ്പെടുവിച്ചിട്ടുമുണ്ട്. വേനൽ കാലത്ത് വരാൻ സാധ്യതയുള്ള രോഗങ്ങളുടെ തുടർച്ചയാണ് ഈ ലക്കവും.
ഹീറ്റ് ക്രാംപ്സ് (പേശീവലിവ്)
കനത്ത വിയർപ്പിലൂടെ ശരീരത്തിലെ ജലാംശവും ഉപ്പും (ഇലക്ട്രോലൈറ്റുകൾ) നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന പേശീവലിവാണ് ഹീറ്റ് ക്രാംപ്സ്. സാധാരണയായി കാലുകൾ, വയർ, കൈകൾ എന്നിവിടങ്ങളിലെ പേശികളിലാണ് ഇത് സംഭവിക്കുന്നത്.
ലക്ഷണങ്ങൾ
വേദനയുള്ള പേശീവലിവ്, പേശികൾ മുറുകി പിടിക്കുക.
ശരീര താപനില കൂടും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ധാരാളമായി വെള്ളം കുടിക്കുക. തണുപ്പുള്ള സ്ഥലത്തേക്ക് മാറുക, വിശ്രമിക്കുക, ഇലക്ട്രോലൈറ്റുകളടങ്ങിയ പാനീയങ്ങൾ (കഞ്ഞിവെള്ളം, ഒ.ആർ.എസ്, കായിക പാനീയങ്ങൾ) കുടിക്കുക, പേശികൾക്ക് മൃദുവായി മസാജ് ചെയ്യുക. ആവശ്യമെങ്കിൽ ഡോക്ടറെ കാണുക.
ഹീറ്റ് എക്സ്ഹോസ്റ്റൻ (തളർച്ച)
അമിതമായ ചൂടും ജലാംശം നഷ്ടപ്പെടുന്നതും കാരണം ശരീരം തളർന്നുപോകുന്ന അവസ്ഥയാണിത്. ഹീറ്റ് ക്രാംപ്സിനേക്കാൾ ഗുരുതരമാണിത്, ഇത് ചികിത്സിച്ചില്ലെങ്കിൽ ഹീറ്റ് സ്ട്രോക്കിലേക്ക് നയിക്കാം.
ലക്ഷണങ്ങൾ
കനത്ത വിയർപ്പ്, തണുത്തതും വിളറിയതുമായ ചർമം, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനം അല്ലെങ്കിൽ ഛർദി, വേഗത്തിലുള്ള ഹൃദയമിടിപ്പ്, പേശീവലിവ്, ശ്വാസംമുട്ട് അനുഭവപ്പെടും, ശരീരോഷ്മാവ് കൂടും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തണുപ്പുള്ള സ്ഥലത്തേക്ക് മാറ്റുക, ഇറുകിയ വസ്ത്രങ്ങൾ അഴിച്ചുമാറ്റുക, ശരീരത്തിൽ തണുത്ത വെള്ളം തളിക്കുകയോ നനഞ്ഞ തുണി വെക്കുകയോ ചെയ്യുക, ധാരാളം വെള്ളം കുടിക്കുക.
ഒരു മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ മാറിയില്ലെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. ഛർദി തുടരുകയാണെങ്കിലോ, ലക്ഷണങ്ങൾ വഷളാവുകയാണെങ്കിലോ ഉടൻ ആശുപത്രിയിൽ എത്തിക്കുക.
ഹീറ്റ് സിൻകോപ്പ് (ബോധക്ഷയം)
ചൂടുള്ള സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് കൂടുതൽ നേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോൾ തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം എത്താത്തതുകൊണ്ട് ഉണ്ടാകുന്ന താൽക്കാലികമായ ബോധക്ഷയമാണ് ഹീറ്റ് സിൻകോപ്പ്. ഇത് സാധാരണയായി നിർജ്ജലീകരണം മൂലവും രക്തക്കുഴലുകൾ വികസിക്കുന്നതുകൊണ്ടുമാണ് സംഭവിക്കുന്നത്.
ലക്ഷണങ്ങൾ:
തലകറക്കം, ബോധക്ഷയം, ക്ഷീണം, വിളർച്ച, വിയർപ്പ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തണുപ്പുള്ള സ്ഥലത്തേക്ക് മാറ്റുക, കാൽപാദങ്ങൾ ഉയർത്തി കിടത്തുക, ധാരാളം വെള്ളം കുടിക്കാൻ നൽകുക. വേഗത്തിൽ സുഖം പ്രാപിച്ചില്ലെങ്കിൽ വൈദ്യസഹായം തേടുക.
ഹീറ്റ് സ്ട്രോക്ക് (സൂര്യാഘാതം/താപാഘാതം)
ചൂടുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായതും ജീവന് ഭീഷണിയുണ്ടാക്കുന്നതുമായ അവസ്ഥയാണിത്. ശരീരത്തിന്റെ താപനില നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണിത്.
ശരീരത്തിന്റെ താപനില 104OF (40OC) അല്ലെങ്കിൽ അതിൽ കൂടുതലാകുമ്പോഴാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ഉടൻ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം.
ലക്ഷണങ്ങൾ
ഉയർന്ന ശരീര താപനില (40OC-ന് മുകളിൽ), വരണ്ടതും ചൂടുള്ളതുമായ ചർമം (വിയർപ്പില്ലായ്മ സാധാരണം, പക്ഷേ അമിതമായ വിയർപ്പും ഉണ്ടാവാം), ആശയക്കുഴപ്പം, മനോവിഭ്രാന്തി, സംസാരത്തിൽ വ്യക്തതയില്ലായ്മ, ബോധം നഷ്ടപ്പെടൽ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വേഗത്തിലുള്ളതും ആഴം കുറഞ്ഞതുമായ ശ്വാസം, തലവേദന, ഛർദി, ചിലപ്പോൾ അപസ്മാരം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇതൊരു മെഡിക്കൽ എമർജൻസിയാണ്. ഉടൻ എമർജൻസി നമ്പറിൽ വിളിച്ച് സഹായം തേടുക. വ്യക്തിയെ തണുപ്പുള്ള സ്ഥലത്തേക്ക് മാറ്റുക. വസ്ത്രങ്ങൾ അഴിച്ചുമാറ്റുക.
തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടക്കുകയോ ഐസ് പാക്കുകൾ കക്ഷത്തിലും തുടയിടുക്കുകളിലും കഴുത്തിലും വെക്കുകയോ ചെയ്യുക. വ്യക്തിക്ക് ബോധമുണ്ടെങ്കിൽ ചെറിയ അളവിൽ വെള്ളം നൽകാം.
ഇത്തരം രോഗാവസ്ഥകൾ ജോലി സ്ഥലത്തുവെച്ചാണ് സംഭവിക്കുന്നതെങ്കിൽ എത്രയും വേഗം വർക്ക് സൂപ്പർവൈസറെയോ മറ്റോ അറിയിച്ച് പെട്ടന്ന് ചികിത്സക്കായുള്ള നടപടികളിലേക്ക് നീങ്ങേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.