ഒളിമങ്ങാത്ത നോമ്പുകാലം

നോമ്പ് കാലം വരുമ്പോഴെല്ലാം കുട്ടിക്കാലത്തെ നോമ്പ് ഓർമകൾ മനസ്സിലേക്ക് ഓടിയെത്തും.വാപ്പയും ഉമ്മയും ഞാനും അനുജനും അടങ്ങിയ കുടുംബം കഷ്ടപ്പാടിലൂടെയും പ്രയാസങ്ങളിലൂടെയും ജീവിതം മുന്നോട്ട് പോയിരുന്ന ഒരു കാലം. അന്ന് ഞങ്ങളുടെ വീട്ടിൽ പരിമിതമായ സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്. വാപ്പ ഓട്ടോ ഡ്രൈവറാണ് അന്നും ഇന്നും.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ നോമ്പെടുത്തു തുടങ്ങിയത്. കുഞ്ഞുനാളിൽ ഞാൻ വലിയ മടിച്ചിയായിരുന്നു. നോമ്പ് പിടിച്ച് സ്കൂളിൽ പോയ ശേഷം ദാഹിക്കുമ്പോൾ തൊട്ടടുത്ത് ഇരിക്കുന്ന കുട്ടിയുടെ വാട്ടർബോട്ടിലിൽ നിന്ന് വെള്ളം വാങ്ങി കുടിച്ച് നോമ്പ് മുറിച്ചിട്ടുണ്ട്. പിന്നീട് വീട്ടിലെത്തുമ്പോൾ നോമ്പ് മുറിച്ചതിന് ഉമ്മാടെ വക ചീത്തയായിരിക്കും. അടുത്ത വീട്ടിലെ അനീസയെ കണ്ടു പഠിക്കാൻ പറയും.

അവധി ദിവസങ്ങളിലാണ് ശെരിക്കും നോമ്പ് പിടിക്കാറ്. ബാലരമയും വായിച്ച് സോഫയിൽ കിടക്കും. ഓരോ മണിക്കൂർ ഇടവിട്ട് ഉമ്മയോട് ചോദിക്കും ഇനി ബാങ്ക് കൊടുക്കാൻ എത്ര സമയമുണ്ടെന്ന്. സ്കൂൾ ഉള്ള ദിവസങ്ങളിൽ സ്കൂൾ വിട്ടുവരുമ്പോൾ പുളിമിഠായിയും തേങ്ങ മിഠായിയും ഒക്കെ വാങ്ങി ബാഗിലിട്ട് കൊണ്ടുവരും, നോമ്പ് തുറക്കുന്ന സമയത്ത് കഴിക്കാൻ. അക്കാലത്ത് എവിടെയെങ്കിലും നോമ്പ് തുറക്കാൻ വിളിച്ചാൽ ഭയങ്കര സന്തോഷമായിരിക്കും. പല തരത്തിലുള്ള ഭക്ഷണം കഴിക്കാമല്ലോ എന്ന് ഓർത്ത്. അടുത്ത വീട്ടിലെ ആരിഫ ഇത്ത എനിക്ക് എല്ലാ ദിവസവും നോമ്പ് തുറക്കുന്ന സമയത്ത് ജ്യൂസ് തരുമായിരുന്നു. ചില ദിവസങ്ങളിൽ ഓട്ടോറിക്ഷയുടെ ഓട്ടം കഴിഞ്ഞ് വാപ്പ വരുമ്പോൾ എനിക്ക് ഏറെ പ്രിയപ്പെട്ട പൈനാപ്പിൾ വാങ്ങിക്കൊണ്ടു വരും.

അന്ന് കുടിച്ച ജ്യൂസിന്‍റെ രുചി പിന്നീട് ഒരിക്കലും കിട്ടിയിട്ടില്ല.

വൈകുന്നേരമാകുമ്പോൾ ഐസ് വാങ്ങാൻ അടുത്ത വീട്ടിൽ പോകും. ഒരിക്കൽ ഐസ് വാങ്ങാൻ പോകുമ്പോൾ പട്ടി ഓടിച്ച കാര്യം ഓർത്ത് ഇപ്പോഴും ചിരി വരും. വീട്ടിൽ മിക്ക ദിവസവും നൈസ് പത്തിരി ഉണ്ടാക്കും. രാത്രി പള്ളിയിൽ നിന്നും ജീരക കഞ്ഞി കൊണ്ടുവരും. അത്താഴത്തിന് ഉമ്മ ചോറ് വാരിത്തരും. എനിക്കാണെങ്കിൽ ചോറിനേക്കാൾ ഇഷ്ടം പലഹാരങ്ങളാണ്.

ചോറ് കഴിച്ചാലേ നോമ്പ് പിടിക്കാനുള്ള ആരോഗ്യം ഉണ്ടാകുകയുള്ളു എന്ന് പറഞ്ഞ് ഉമ്മ വടിയെടുത്ത് തല്ലി കഴിപ്പിക്കും. ഉമ്മ കാണാതെ ചിലപ്പോഴൊക്കെ ഞാൻ ചോറ് കളയും. പ്രവാസിയായി ബഹ്റൈനിൽ എത്തിയതിനു ശേഷമാണ് ഭക്ഷണത്തിന്‍റെ വില മനസ്സിലാക്കുന്നത്.

ഒരു പെരുന്നാൾ കാലത്ത് വാപ്പ പുതിയ ഡ്രസ് വാങ്ങി വരുന്നത് ഞാൻ കാത്തിരുന്നു. വൈകീട്ട് വാപ്പ വന്നപ്പോൾ ഡ്രസ് ഉണ്ടായിരുന്നില്ല. ഞാൻ ഒരു പാട് കരഞ്ഞു. അപ്പോൾ വാപ്പ ഉമ്മയോട് പറഞ്ഞു ഇന്ന് ഓട്ടോയ്ക്ക് ഓട്ടം കുറവായിരുന്നു അത് കൊണ്ട് കൈയിൽ പണം ഉണ്ടായിരുന്നില്ല എന്ന്.

ഞാൻ കരയുന്നത് വാപ്പാക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. വാപ്പ പുറത്ത് പോയി ആരുടെയോ കൈയിൽ നിന്ന് പണം വാങ്ങി കൊണ്ടുവന്ന് ഉമ്മാടെ കൈയിൽ കൊടുത്തു. ഉമ്മ എന്നെയും കൊണ്ടു പോയി എനിക്ക് കുറച്ച് കൂടിയ വിലയുടേതും അനിയന് അതിൽ കുറവുള്ളതും വാങ്ങി വന്നു. എന്നിട്ട് പ്രൈസ് ടാഗിൽ അനിയനുള്ളതിൽ കൂട്ടിയെഴുതി അവനുള്ളതാണ് വില കൂടിയതെന്ന് പറഞ്ഞു അവനെ സമാധാനിപ്പിച്ചു. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഓർമയാണിത്.

Tags:    
News Summary - The unfading season of Lent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.