ജുഫൈറിലെ തകർന്ന വീടുകൾ സന്ദർശിക്കാനെത്തിയ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ

ഇറാൻ ആക്രമണം; ജുഫൈറിലെ തകർന്ന വീടുകൾ സന്ദർശിച്ച് ആഭ്യന്തര മന്ത്രി

മനാമ: ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ തകർന്ന ജുഫൈറിലെ ജനവാസ കേന്ദ്രങ്ങൾ ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സന്ദർശിച്ചു. സാധാരണക്കാരുടെ ജീവന് ഭീഷണിയുയർത്തുന്ന ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. സമാധാനത്തിലും സഹവർത്തിത്വത്തിലും വിശ്വസിക്കുന്ന ബഹ്‌റൈൻ ജനതയുടെ സുരക്ഷക്കാണ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രഥമ പരിഗണന നൽകുന്നതെന്ന് മന്ത്രി അറിയിച്ചു. സമാധാനത്തിന്‍റെ പാതയിൽ രാജ്യം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീടുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾ സർക്കാർ ചെലവിൽ പരിഹരിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിട്ടതായി മന്ത്രി അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സർക്കാർ നൽകുന്ന മാനുഷികമായ പരിഗണനയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുഷ്കരമായ സാഹചര്യത്തിൽ സേവനം അനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും സിവിൽ ഡിഫൻസ്, നാഷണൽ ആംബുലൻസ്, ട്രാഫിക് വിഭാഗം എന്നിവരെയും മന്ത്രി അഭിനന്ദിച്ചു.

സംഭവങ്ങളുടെ ചിത്രങ്ങൾ പകർത്തുകയും അവ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ മന്ത്രി കടുത്ത ഭാഷയിൽ മുന്നറിയിപ്പും നൽകി. ഇത്തരം ദൃശ്യങ്ങൾ ശത്രുക്കൾ ആക്രമണത്തിനായി ഉപയോഗിക്കുമെന്നും, ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർ ഈ ആക്രമണത്തിലെ പങ്കാളികളാണെന്നും അവർക്കെതിരെ നിയമപ്രകാരം കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Iran attack: Interior Minister visits damaged homes in Juffair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.