ബഹ്റൈനിലെ ഇന്ത്യക്കാരുടെ മടക്കയാത്ര; അടിയന്തര ഇടപെടൽ തേടി ഷാഫി പറമ്പിൽ എം.പി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചു

മനാമ: യുദ്ധത്തെ തുടർന്നുള്ള പ്രത്യേക സാഹചര്യത്തിൽ ബഹ്‌റൈനിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ഇന്ത്യൻ പ്രവാസികളുടെ സുരക്ഷിതമായ മടക്കയാത്രക്കായി കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു. ബഹ്റൈനിലെ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചതോടെ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വലിയ പ്രതിസന്ധിയിലാണ് പ്രവാസികളെന്ന് ചൂണ്ടിക്കാട്ടി എം.പി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചു. ബഹ്‌റൈനിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ റോഡ്മാർഗം സൗദി അറേബ്യയിൽ എത്തിയുള്ള യാത്ര മാത്രമാണ് നിലവിൽ നാട്ടിലെത്താനുള്ള ഏക വഴി. എന്നാൽ സൗദി ട്രാൻസിറ്റ് വിസ ലഭിക്കുന്നതിലെ കടുത്ത പ്രയാസങ്ങൾ ഈ നീക്കത്തിന് തടസ്സമാവുകയാണ്. അടിയന്തര ചികിത്സ ആവശ്യമായ രോഗികൾ, അടുത്ത ബന്ധുക്കളുടെ മരണത്തെത്തുടർന്ന് നാട്ടിലെത്തേണ്ടവർ, പരിമിതമായ സാമ്പത്തിക സൗകര്യങ്ങളുള്ള ട്രാൻസിറ്റ് യാത്രക്കാർ എന്നിവർ ഇതോടെ കടുത്ത ദുരിതത്തിലാണെന്ന് എം.പി കത്തിൽ വ്യക്തമാക്കി.

ഈ മാനുഷിക പ്രശ്നത്തിൽ വിദേശകാര്യ മന്ത്രാലയം നേരിട്ട് ഇടപെടണമെന്നും ബഹ്‌റൈനിലെ ഇന്ത്യൻ എംബസി വഴി ദുരിതബാധിതരായ പ്രവാസികൾക്കായി പ്രത്യേക രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. കൂടാതെ, സൗദി ഗവൺമെന്‍റുമായി നയതന്ത്ര ചർച്ചകൾ നടത്തി പ്രത്യേക പരിഗണനയോടെ ട്രാൻസിറ്റ് വിസകൾ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയത്തിന്‍റെ ഭാഗത്തുനിന്നും സജീവമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം.പി കൂട്ടിച്ചേർത്തു.

Tags:    
News Summary - Return of Indians in Bahrain; Shafi Parambil MP writes to External Affairs Minister Dr. S. Jaishankar seeking urgent intervention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.