250ലധികം ആക്രമണങ്ങൾ തകർത്ത് ബഹ്റൈൻ വ്യോമപ്രതിരോധ സേന

മനാമ: ബഹ്‌റൈന് നേരെയുള്ള ഇറാന്‍റെ തുടർച്ചയായ ഭീകരാക്രമണങ്ങളെ രാജ്യത്തിന്‍റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിക്കുന്നതായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്) ജനറൽ കമാൻഡ് അറിയിച്ചു. ശത്രുരാജ്യം തൊടുത്തുവിട്ട നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും സൈന്യം ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു.

ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ ബഹ്‌റൈൻ ലക്ഷ്യമാക്കി വന്ന 95 ബാലസ്റ്റിക് മിസൈലുകളും 164 ഡ്രോണുകളും സൈന്യം തകർത്തു. രാജ്യത്തിന്‍റെ ആകാശം സുരക്ഷിതമാണെന്നും സൈനികർ അസാമാന്യമായ പോരാട്ടവീര്യമാണ് കാഴ്ചവെക്കുന്നതെന്നും ജനറൽ കമാൻഡ് വ്യക്തമാക്കി.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അത്യന്താപേക്ഷിതമായ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. മിസൈൽ അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ കണ്ടാൽ അവ തൊടുകയോ അടുത്തേക്ക് പോകുകയോ ചെയ്യരുത്.

സൈനിക നീക്കങ്ങളുടെയോ ആക്രമണം നടന്ന സ്ഥലങ്ങളുടെയോ ദൃശ്യങ്ങൾ പകർത്താൻ പാടില്ല.

സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ മാത്രം വിശ്വസിക്കുക. ജനവാസ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യം വെച്ചുള്ള ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്‍റെയും ലംഘനമാണെന്ന് ജനറൽ കമാൻഡ് പ്രസ്താവിച്ചു. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾ മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്‌റൈൻ വ്യക്തമാക്കി.

Tags:    
News Summary - Bahraini air defense forces thwart more than 250 attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.