ലോക ടൂറിസം ദിനാചരണം; സൗജന്യ ബസ് ടൂറുമായി ബഹ്‌റൈൻ ടൂറിസം

മനാമ: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) നാളെ സൗജന്യ ബസ് ടൂർ സംഘടിപ്പിക്കും. ‘ടൂറിസം ആൻഡ് സസ്റ്റൈനബിൾ ട്രാൻസ്‌ഫോർമേഷൻ’ പ്രമേയത്തിൽ നടക്കുന്ന ഈ പ്രത്യേക പര്യടനം രാജ്യത്തെ ചരിത്രപരവും സാംസ്കാരികവുമായ സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം, ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റീക്വിറ്റീസ് (ബി.എ.സി.എ), കൂടാതെ ദേശീയ പൗരത്വ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ‘ബഹ്‌റൈനൂന’ പദ്ധതി എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകുന്നേരം മൂന്നിന് ബഹ്‌റൈൻ നാഷനൽ മ്യൂസിയത്തിൽ നിന്നാരംഭിക്കുന്ന യാത്രയിൽ ബാബ് അൽ ബഹ്‌റൈൻ, പുതുതായി തുറന്ന കാനൂ മ്യൂസിയം എന്നിവ സന്ദർശിക്കും.

ഇത് മനാമയുടെ പൈതൃകം അടുത്തറിയാൻ അവസരം നൽകും. കൂടാതെ, ബഹ്‌റൈൻ കരകൗശല വിദഗ്ധരുടെ കലാസൃഷ്ടികൾ കാണുന്നതിനായി അൽ ജസ്‌റ ഹാൻഡിക്രാഫ്റ്റ്സ് സെന്ററിലും ഒരു ഹ്രസ്വ സന്ദർശനമുണ്ടാകും. ബഹ്‌റൈൻ നാഷനൽ മ്യൂസിയത്തിലെ ഗാലറികൾ സന്ദർശിച്ചുകൊണ്ട് ടൂർ സമാപിക്കും.

ആധുനിക പൊതുഗതാഗത ബസുകൾ ഉപയോഗിച്ചുള്ള ഈ യാത്ര, സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ഒരു സംയുക്ത നീക്കമാണ്. ഇത് കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനും പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിനും പൊതുഗതാഗത ശൃംഖലയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നു.

ടൂറിന്‍റെ ഭാഗമാകുന്നവർക്ക് ചരിത്ര സ്ഥലങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകാൻ ബഹ്‌റൈൻ ടൂറിസ്റ്റ് ഗൈഡുകളുടെ ഒരു സംഘവും കൂടെയുണ്ടാകും. ഈ സൗജന്യ യാത്രയിൽ പങ്കെടുക്കുന്നതിന് പ്ലാറ്റിനംലിസ്റ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

സീറ്റുകൾ പൂർത്തിയാവുന്ന മുറയ്ക്ക് രജിസ്ട്രേഷൻ അവസാനിപ്പിക്കും. സെപ്റ്റംബർ 27നാണ് ലോക ടൂറിസം ദിനമായി യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ ആചരിക്കുന്നത്. വിനോദസഞ്ചാരം സുസ്ഥിര വികസനത്തിനും ജനങ്ങൾക്കിടയിൽ സൗഹൃദം വളർത്തുന്നതിനും എത്രത്തോളം പ്രധാനമാണെന്ന് ഓർമിപ്പിക്കാനാണ് ഈ ദിനാചരണം. 

Tags:    
News Summary - World Tourism Day; Bahrain Tourism with free bus tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.