കണിയും സദ്യയുമായി വിഷു വരവേൽക്കാൻ ഒരുക്കം സജീവം

മനാമ:  വിഷു ആഘോഷങ്ങൾക്ക് സംഘടനകളും ക്ഷേത്രങ്ങളും ഒരുക്കങ്ങൾ തുടങ്ങി. വിഷു ഒഴിവുദിവസമായ വെള്ളിയാഴ്ചയായതിനാൽ ആഘോഷങ്ങൾക്ക് മാറ്റുകൂടും.
കാനു ഗാർഡൻ അയ്യപ്പക്ഷേത്രത്തിൽ രാവിലെ അഞ്ച് മണിമുതൽ വിഷുക്കണി കാണുവാൻ സൗകര്യമുണ്ടായിരിക്കും. കണികാണാനെത്തുന്നവർക്ക് വിഷു കൈനീട്ടവും നൽകും. 
ക്ഷേത്ര പൂജാരി നാരായണൻ നമ്പൂതിരിയും സൂരജും പൂജാകർമങ്ങൾക്ക് നേതൃത്വം നൽകും. വൈകീട്ട് ആറ് മണിമുതൽ വിശേഷാൽപൂജകളും ശേഷം അന്നദാനവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര സമിതി പ്രസിഡൻറ് ടി.എം. ഹരിദാസൻ പറഞ്ഞു. അറാദ് അയ്യപ്പ ക്ഷേത്രത്തിൽ 4.30ന് നട തുറക്കും. ഇത്തവണയും വിഷുക്കണി ഒരുക്കുന്നുണ്ട്. ക്ഷേത്ര പൂജാരി പ്രജിത്കുമാറാണ് കർമങ്ങൾക്ക് നേതൃത്വം നൽകുന്നത്. വൈകീട്ട് ആറ് മണിമുതൽ ഭജനയും പൂജകളും അന്നദാനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
  ശ്രീനാരായണ കൾചറല്‍ സൊസൈറ്റിയുടെ (എസ്.എൻ.സി.എസ്) നേതൃത്വത്തിലുള്ള വിഷു ആഘോഷങ്ങൾ ഏപ്രിൽ 14 മുതൽ 28 വരെ എസ്.എൻ.സി.എസ്  സിൽവർ ജൂബിലി ഹാളിൽ നടക്കും. 
14ന് കാലത്ത് അഞ്ചുമണി മുതൽ വിഷുക്കണിയും വിഷുകൈനീട്ടവും, വൈകുന്നേരം 7.30 മുതൽ കൊടിയേറ്റവും സാഹിത്യവേദിയുടെ വിഷുപരിപാടികളും നടക്കും. 20ന് വൈകുന്നേരം 7.30 മുതൽ ഏരിയ യൂണിറ്റുകളുടെ കലാപരിപാടികൾ,സമ്മേളനം എന്നിവയും 27ന് വൈകീട്ട് സാംസ്കാരിക സമ്മേളനവും 28ന്  രാവിലെ 10 മണി  മുതൽ  വിഷുസദ്യയും സംഘടിപ്പിക്കുമെന്ന് ചെയർമാൻ പവിത്രൻ, സെക്രട്ടറി സുനീഷ് സുശീലൻ എന്നിവർ അറിയിച്ചു.
‘നടനം’ കൂട്ടായ്മ വെള്ളിയാഴ്ച വിഷു ദിനാഘോഷങ്ങളുടെ ഭാഗമായി അദ്ലിയ കാൾട്ടൺ ഹോട്ടലിൽ സദ്യയും കലാപരിപാടികളും സംഘടിപ്പിക്കും. കോഴിക്കോട് മണിയൂർ ‘അകം’ നാടകവേദിയുടെ ‘പ്രവാസി’ എന്ന നാടകവും അരങ്ങേറും.
പ്രമുഖ ഹോട്ടലുകളെല്ലാം വിഷുസദ്യ ഒരുക്കുന്നുണ്ട്. ഹോട്ടലുകളിലെ വിഷുസദ്യ നിരക്ക് ഒന്നര ദിനാർ മുതൽമൂന്ന് ദിനാർ വരെയാണ്. ഇരുപതിൽപരം വിഭവങ്ങൾ അടങ്ങിയ വാഴയിലയിലുള്ള സദ്യയാണ് ഒാഫർ ചെയ്യുന്നത്.ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മലയാളി കുടുംബങ്ങളും സുഹൃത്തുക്കളും വിഷു ആഘോഷങ്ങൾ നടത്തുന്നുണ്ട്.
 കേരളീയ സമാജത്തിൽ വിഷു ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാത്രി എട്ടുമണിക്ക് ഡയമണ്ട് ജൂബിലി ഹാളിൽ ‘അകം’ നാടകവേദിയുടെ ‘തുന്നൽക്കാരൻ’ എന്ന നാടകം അരങ്ങേറും. സൗജന്യമായാണ് നാടകം പ്രദർശിപ്പിക്കുന്നത്.
 മലയാളികളുടെ കോൾഡ് സ്റ്റോറുകളിലും സൂപ്പർ^ഹൈപ്പർ മാർക്കറ്റുകളിലും വിഷു വിപണി സജീവമാണ്. 
കണിവെള്ളരിയും കണിക്കൊന്നയും ചക്കയുമെല്ലാം പലയിടത്തും എത്തിയിട്ടുണ്ട്. ഇത്തവണ പ്ലാസ്റ്റിക്ക് കണിക്കൊന്ന പലയിടത്തും എത്തിയിട്ടുണ്ട്.
 

Tags:    
News Summary - Vishu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.