മനാമ: പെരുന്നാളിന്റെ ത്രില്ലും പാട്ടിന്റെ വൈബുമായൊരുക്കുന്ന സംഗീതമഹാ സായാഹ്നത്തിന് ഇന്ന് ബഹ്റൈൻ സാക്ഷിയാകും. വൈവിധ്യമാർന്ന ശബ്ദംകൊണ്ട് വിസ്മയം തീർക്കുന്ന അപൂർവതക്കാണ് ഇന്ന് ക്രൗൺ പ്ലാസ സാക്ഷ്യംവഹിക്കുക. ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായൊരുക്കുന്ന ‘വൈബ്സ് ഓഫ് ബഹ്റൈന്’ കാത്തിരിക്കാനേറെ കാരണങ്ങളുണ്ടെന്നാണ് പ്രേക്ഷക അഭിപ്രായം. മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരുപിടി നല്ല ഗാനങ്ങൾ സംഗീത ലോകത്തിന് സമ്മാനിച്ച ഗോൾഡൻ സ്റ്റാർ അഫ്സവും, സഗീത മേഖലകളിൽ വേറിട്ട ശബ്ദ സൗന്ദര്യംകൊണ്ട് മലയാളി മനസ്സുകളിൽ ഇടംപിടിച്ച പ്രിയ ഗായിക സിത്താരയുമാണ് പ്രധാന അതിഥിതകൾ.
പാട്ടിന്റെ പാലാഴി തീർക്കുന്ന വശ്യചാരുതക്ക് മിഴിവേകാൻ കൂടെ മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ സ്റ്റാർ സിങ്ങർ സീസൺ ഒമ്പതിന്റെ ഫൈനൽ ഫൈവിലെത്തിയ മഹാവിസ്മയങ്ങളുമെത്തും. പാട്ടിന്റെ വിജയ കിരീടം ചൂടി തന്റെ ശൈലികൊണ്ട് ആസ്വാദകരെ സംഗീതാരാമത്തിലേക്കാനയിക്കുന്ന മധുരഗീത ഗന്ധർവൻ അരവിന്ദ്, ഭാവ ഗാനങ്ങളുടെ കുട്ടിത്തമ്പുരാനായി വേദിയെ വൈകാരികമാക്കുന്ന ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട ഗായകൻ ബൽറാം, ഒരേസമയം രണ്ട് ശബ്ദത്തിൽ പാടി ഗാനാസ്വാദകരെ ഞെട്ടിച്ച, ആരും തൊടാൻ മടിക്കുന്ന പാട്ടുകൾപോലും പാടി വിസ്മയമാക്കിയ അമൂല്യ കലാകാരി നന്ദ ജയദീപൻ, സിനിമാപാട്ട്, മാപ്പിളപ്പാട്ട്, ഫെസ്റ്റിവൽ പാട്ട് തുടങ്ങി വിഭവ സമൃദ്ധമായ ഗാനമേഖലകളെ തനത് സ്വരംകൊണ്ടും ശൈലികൊണ്ടും ആനന്ദ നൃത്തമാടിക്കുന്ന ഗായിക സ്റ്റാർ സിംഗർ സീസൺ 9ന്റെ ചരിത്രത്തിലെ ആദ്യ ഗോൾഡൻ സ്റ്റാർ നേട്ടം കൈവരിച്ച അനുശ്രീ എന്നിവരാണ് സ്റ്റാർ സിങ്ങറിന്റെ പടിയിറങ്ങി വൈബ്സ് ഓഫ് ബഹ്റൈന്റെ മഹാരാവിലേക്ക് ലയിക്കാനെത്തിയത്.
വൈബേറിയ മഹോത്സവത്തെ വൈബ്രന്റ് ഗാനങ്ങളുമായി ഇളക്കിമറിക്കാൻ കുട്ടിക്കൂട്ടങ്ങളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയപ്പെട്ട ഗായകൻ കൗഷികുമുണ്ട്. അവതരണ മികവിൽ പകരംവെക്കാനില്ലാത്ത താരം മിഥുൻ രമേഷ്, അനുകരണ കലയിൽ ഇന്ന് മലയാളത്തിൽ തിളങ്ങിനിൽക്കുന്ന ടോപ് സ്റ്റാർ താരങ്ങളിൽ ഒരാളായ അശ്വന്ത് അനിൽ കുമാർ എന്നിവരും വൈബ്സ് ഓഫ് ബഹ്റൈനെ വൈബാക്കും.
പരിപാടിയുടെ ടിക്കറ്റുകളെല്ലാം ഇതിനോടകം വിറ്റുതീർന്നിട്ടുണ്ട്. കാത്തിരിപ്പിന്റെ ആവേശത്താൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ പക്കൽനിന്ന് ലഭിക്കുന്നത്. തങ്ങളുടെ പ്രിയ താരങ്ങളെ നേരിട്ട് കാണാനും ലൈവായി അവരുടെ പാട്ട് കേൾക്കാനും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരിരിക്കുന്നത്. കാത്തിരിപ്പിനൊത്ത മൂല്യം സമ്മാനിക്കുന്ന അതിമനോഹര രാവാകും വൈബ്സ് ഓഫ് ബഹ്റൈന്റെ വേദിയെന്ന് തീർച്ച. വൈകീട്ട് ആറ് മണി മുതൽ പ്രേക്ഷകർക്ക് ഹാളിലേക്ക് പ്രവേശിച്ചുതുടങ്ങാം. ടിക്കറ്റുകൾ എടുക്കാൻ മറക്കരുത്. കൃത്യം ഏഴിനുതന്നെ പരിപാടികൾക്ക് തുടക്കം കുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.