സിത്താര കൃഷ്ണകുമാർ
പ്രവാസ മനസ്സുകളിൽ പാട്ടിന്റെ ഈരടികളെ വേറിട്ട ശബ്ദത്താൽ ഉൾക്കൊള്ളിച്ച പ്രതിഭ. ‘പുലരിപ്പൂ പോലെ ചിരിച്ച്’ മലയാളമനസ്സുകളിൽ കയറിക്കൂടിയ പെൺസ്വരം. മലബാർ ചേലൊത്ത വർത്തമാനം കൊണ്ടും സ്വരഭംഗിയിലെ പുതുമ കൊണ്ടും കേട്ടിരിക്കാൻ ഇഷ്ടം തോന്നിപ്പിക്കുന്ന ഒരു പാട്ടുകാരി, അതാണ് പലർക്കും സിത്താര കൃഷ്ണകുമാർ. വിരഹവും വേദനയും വിപ്ലവവും വിചാരവും വികാരവുമെല്ലാം ഒരുപോലെ ഒന്നിച്ചുചേരുന്ന അതിസുന്ദര ഗാനശൃംഖല.
കപ്പേള, കാർബൺ, ഉയരെ, കക്ഷി: അമ്മിണിപ്പിള്ള, കമ്മാരസംഭവം, ആർട്ടിസ്റ്റ്, കുമ്പളങ്ങി നൈറ്റ്സ്, ലൂസിഫർ, മായാനദി, പുഷ്പ 2, നരിവേട്ട തുടങ്ങി അനേകം ഹിറ്റ് സിനിമകളുടെ ഹിറ്റ് ഗാനങ്ങൾക്ക് സിത്താരയുടെ സ്വരമാധുര്യം സാക്ഷിയായിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും സിത്താരയുടെ പാട്ടുകൾക്ക് ആസ്വാദകരുണ്ട്. സംഗീത ലോകത്തെ പ്രമുഖമരായ പാലാ സി.കെ. രാമചന്ദ്രന്, ഉസ്താദ് ഫയാസ് ഖാന്, വിജയസേനന്‍, രാമനാട്ടുകര സതീശന് എന്നിവരാണ് സംഗീതത്തിലെ ഗുരുക്കന്മാര്.
‘ട്രാഫിക്’ എന്ന ചിത്രത്തിലെ ‘പകലിൽ...’ എന്ന പാട്ടായിരുന്നു സിത്താരയെ ശ്രദ്ധേയമാക്കിയ ആദ്യഗാനം. ശങ്കർ മഹാദേവന്റെ കൂടെ മല്ലു സിങ് എന്ന ചിത്രത്തിൽ പാടിയ ‘റബ്ബ്... റബ്ബ്...’ എന്ന പാട്ട് സൂപ്പർ ഹിറ്റായി മാറി. എന്നാൽ, സിത്താരയുടെ പാട്ടിന് ഭംഗി കൈവരുന്നത് അതിലെ മെലഡിയുടെ ആലാപനത്തിലായിരുന്നു. ‘മഴവിൽക്കാവിലെ’, ‘ഏതോ പാട്ടിന്നീണം', ‘ഞാനാകും പൂവിൽ’, ‘നീമുകിലോ’, ‘ഇല പെയ്തുമൂടുമീ’, ‘പാൽനിലാവിൽ’, ‘കണ്ടിട്ടും കണ്ടിട്ടും’, ‘മിഴിയിൽപാതി ഞാൻ തരാം, ‘കാതിലാരോ’, ‘തിരുവാവണിരാവ്’, ‘ഏത് മഴയിലും’, ‘കണ്ടിട്ടും കണ്ടിട്ടും’, ‘മാനത്തെ വെള്ളിത്തിങ്കൾ’, ‘രണ്ട് കണ്ണും കണ്ണും തമ്മിൽ’, ‘നനയുമീമഴ’ - തുടങ്ങി ഒരു നീണ്ട നിര സിത്താരയുടെ പാട്ടുലോകത്തുണ്ട്.
പിന്നണിഗാനങ്ങളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സംഗീത ആൽബങ്ങളിലൂടെയും അതിവേഗം പ്രേക്ഷകരുടെ മനസ്സുകളിൽ പ്രിയങ്കരിയാവാൻ സിത്താരക്ക് ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. അവർ പാടിവെച്ച പാട്ടുകൾ കേട്ടവർ എപ്പോഴെങ്കിലും ഒരാവർത്തി മൂളുന്നവരാകും. അത്രയേറെ നിങ്ങളുടെ മനസ്സിലിടം പിടിച്ച ആ മനോഹര ഗാനങ്ങളുമായി പ്രിയപ്പെട്ട ഗായിക വീണ്ടും പവിഴ ദ്വീപിന്റെ മണ്ണിലെത്തുകയാണ്. വീര്യം ഒട്ടും ചോരാത്ത ആ വൈബ്രന്റ് പാട്ടുകൾക്ക് കാതോർത്തിരിക്കുന്ന ആസ്വാദകർ പ്രവാസ മണ്ണിലൊരുപാടുണ്ടെന്നതാണ് സത്യം. പെരുന്നാൾ പൊലിമയിൽ ജൂൺ ഏഴിന് ക്രൗൺപ്ലാസയിൽ ഗൾഫ് മാധ്യമവും മീഫ്രണ്ടുമൊരുക്കുന്ന വൈബ്സ് ഓഫ് ബഹ്റൈന്റെ ആഘോഷ രാവിൽ സിത്താര പാടുകയും പറയുകയും ചെയ്യും. ആ സംഗീത സാഗരത്തിന് സാക്ഷിയാകണ്ടേ... ഒന്നിച്ചു പാടി ആസ്വദിക്കണ്ടേ... നിങ്ങളുടെ സീറ്റുകൾ ഇപ്പോൾ തന്നെ ഉറപ്പുവരുത്തൂ. കൂടുതൽ വിവരങ്ങൾക്ക് +973 3461 9565 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ടിക്കറ്റുകൾ tickets.mefriend.com എന്ന ലിങ്ക് വഴിയോ മുകളിൽ നൽകിയ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ സ്വന്തമാക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.