മനാമ: ഉപഭോക്താക്കളിൽനിന്ന് മൂല്യവർധിത നികുതി (വാറ്റ്) പിരിച്ചെടുത്തിട്ടും അത് സർക്കാറിലേക്ക് അടക്കാതെ തട്ടിപ്പ് നടത്തിയ കേസിൽ, ഒരു സ്ഥാപന ഉടമക്കും അദ്ദേഹത്തിന്റെ വാണിജ്യ സ്ഥാപനത്തിനുമെതിരെ കേസ്. പ്രതിയെയും സ്ഥാപനത്തെയും ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. പബ്ലിക് പ്രോസിക്യൂഷന്റെ സാമ്പത്തിക കുറ്റകൃത്യ, കള്ളപ്പണം വെളുപ്പിക്കൽ വിഭാഗത്തിലെ നികുതിവെട്ടിപ്പ് കേസ് അന്വേഷണ യൂനിറ്റാണ് ഈ വിവരം അറിയിച്ചത്.
വാറ്റ് നിയമലംഘനവുമായി ബന്ധപ്പെട്ട് ദേശീയ റവന്യൂ ബ്യൂറോ (എൻ.ബി.ആർ) സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ട് അനുസരിച്ച്, സ്ഥാപന ഉടമ തന്റെ ഉപഭോക്താക്കളിൽ നിന്ന് 52,000 ബഹ്‌റൈൻ ദിനാറിലധികം വാറ്റ് ഇനത്തിൽ പിരിച്ചെടുത്തെങ്കിലും അത് എൻ.ബി.ആറിന് കൈമാറുന്നതിൽ പരാജയപ്പെട്ടു. നിയമങ്ങൾ പാലിച്ചതായി തെറ്റിദ്ധരിപ്പിച്ച് പ്രതി സ്ഥാപനത്തിന്റെ ടാക്‌സ് റിട്ടേണുകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സ്ഥാപന ഉടമ കുറ്റം സമ്മതിച്ചു.
ഇതിനെ തുടർന്ന് പ്രതിയെയും സ്ഥാപനത്തെയും ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ പ്രോസിക്യൂഷൻ ഉത്തരവിട്ടു.കേസിന്റെ ആദ്യ വാദം കേൾക്കൽ ഒക്ടോബർ 21ന് നടക്കും. നികുതിവെട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ രാജ്യത്ത് ശക്തമായ നിയമനടപടികൾ തുടരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.