മനാമ: കോവിഡ് സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധികൾ മറികടക്കാൻ സർക്കാറിെൻറ പരിഗണനയിൽ എത്തിയ പ്രധാനവഴിയാണ് മൂല്യവർധിത നികുതി (വാറ്റ്) വർധന. നിലവിലുള്ള അഞ്ച് ശതമാനത്തിൽനിന്ന് 10 ശതമാനമായി കൂട്ടാനുള്ള നിർദേശമാണ് സർക്കാർ മുന്നോട്ടുവെച്ചത്. അടുത്ത വർഷം ജനുവരി മുതൽ ഇത് നടപ്പാക്കാനുള്ള ബില്ലിന് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകുകയും ചെയ്തു. മുതിർന്ന സർക്കാർ പ്രതിനിധികളും എം.പിമാർ, ശൂറ കൗൺസിൽ അംഗങ്ങൾ എന്നിവരും തമ്മിൽ കഴിഞ്ഞദിവസം നടന്ന സുപ്രധാന യോഗത്തിലാണ് സർക്കാർ ഇൗ വിഷയം അവതരിപ്പിച്ചത്. വാറ്റ് വർധനക്ക് പുറമേ, ശമ്പളം കുറക്കുക, സ്വദേശികൾക്കുള്ള സാമൂഹിക സുരക്ഷാപദ്ധതികൾ കുറക്കുക, ശമ്പളത്തിലും സാമൂഹിക സുരക്ഷാ പദ്ധതികളിലും മാറ്റം വരുത്താതെ വാറ്റ് 15 ശതമാനമായി ഉയർത്തുക തുടങ്ങിയവയാണ് ഉയർന്ന മറ്റ് നിർദേശങ്ങൾ. സാധാരണ ജനങ്ങളെ കൂടുതൽ ബാധിക്കാത്തത് എന്നനിലയിലാണ് വാറ്റ് നിരക്ക് 10 ശതമാനമാക്കാനുള്ള നിർദേശത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചത്.
വാറ്റ് നിരക്ക് ഉയർത്തിയാലും നിലവിലുള്ള ഇളവുകൾ തുടരുമെന്ന് ധനകാര്യ, ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു. 2019 ജനുവരിയിൽ വാറ്റ് ഏർപ്പെടുത്തിയത് മുതൽ പഞ്ചസാര, ഉപ്പ്, ഗോതമ്പ്, അരി, അവശ്യ പച്ചക്കറികൾ തുടങ്ങിയവയെ നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 94 അവശ്യ ഭക്ഷ്യോൽപന്നങ്ങൾക്കും 1400 സർക്കാർ സേവനങ്ങൾക്കുമാണ് നിലവിൽ ഇളവ്. കുറഞ്ഞ വരുമാനക്കാരുടെ 90 ശതമാനം ചെലവുകളും ഇൗ വിഭാഗത്തിലാണ് വരുന്നത്. അതിനാൽ, വാറ്റ് ഉയർത്തുന്നത് സാധാരണക്കാരെ കാര്യമായി ബാധിക്കില്ലെന്നാണ് പ്രതീക്ഷ. രാജ്യത്തിെൻറ സാമ്പത്തികസന്തുലനം കൈവരിക്കുന്ന പദ്ധതി രണ്ട് വർഷത്തേക്കുകൂടി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ 2022ൽ സന്തുലനം കൈവരിക്കാനാണ് ലക്ഷ്യമിട്ടത്. ഇത് 2024ലേക്ക് നീട്ടാനാണ് തീരുമാനം. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങൾ നൽകിയ 10 ബില്യൺ ഡോളറിെൻറ സാമ്പത്തികരക്ഷാ പാക്കേജിലെ പ്രധാന വ്യവസ്ഥ സാമ്പത്തിക പരിഷ്കരണ നടപടികൾ സ്വീകരിച്ച് 2022ഒാടെ വാർഷികചെലവും വരുമാനവും തമ്മിൽ സന്തുലനം കൈവരിക്കണമെന്നാണ്. എന്നാൽ, കോവിഡ് സൃഷ്ടിച്ച ആഘാതം ഇതിന് വിലങ്ങുതടിയായി. ഇൗ സാഹചര്യത്തിലാണ്, മൂന്ന് രാജ്യങ്ങളുടെയും അനുമതിയോടെ ലക്ഷ്യം കൈവരിക്കുന്നത് രണ്ട് വർഷത്തേക്കുകൂടി നീട്ടാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.