മനാമ: ആവശ്യമായ ലൈസൻസില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയതിന് ആറ് പേർക്കെതിരെ പിഴയിട്ട് മൈനർ ക്രിമിനൽ കോടതി. ഓരോരുത്തർക്കും 1000 മുതൽ 2000 ദീനാർ വരെ പിഴ ചുമത്തിയതായി ആക്ടിങ് അറ്റോർണി ജനറലും പബ്ലിക് പ്രോസിക്യൂഷൻ ഫോർ മിനിസ്ട്രീസിന്റെയും പബ്ലിക് എൻറ്റിറ്റീസിന്റെയും തലവനുമായ മുഹമ്മദ് ഖാലിദ് അൽ ഹാഷ്മി അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഫീൽഡ് ഇൻസ്പെക്ഷൻ ടീം ബഹ്റൈനിലെ വിവിധ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ആറ് കേന്ദ്രങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. മൂന്ന് വയസ്സു മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കായി അക്കാദമിക് പ്രോഗ്രാമുകൾ നടത്തിയ ഈ സ്ഥാപനങ്ങളിൽ 60ൽ അധികം വിദ്യാർഥികൾ വരെ ഉണ്ടായിരുന്നു.
ഈ സ്ഥാപനങ്ങളിൽ ശിശു സംരക്ഷണത്തിനോ സുരക്ഷക്കോ വേണ്ട അടിസ്ഥാന സൗകര്യങ്ങളോ പ്രതിരോധ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത് വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷക്ക് ഭീഷണിയാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പരാതികളെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തു. ഒരാളെ വിചാരണ തടങ്കലിൽ വെക്കാൻ ഉത്തരവിട്ടു. തുടർന്ന്, ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനുശേഷം കോടതി പിഴ ചുമത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.