ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പ്രകാശനം ചെയ്യുന്നു
മനാമ: കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസാധനത്തിൽ സുനിൽ തോമസ് റാന്നി എഴുതിയ ആദ്യ പുസ്തകമായ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സിന്റെ പ്രകാശനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടന്നു. പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ പഴകുളം മധു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പ്രകാശനം നിർവഹിച്ചു.
യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി പുസ്തകം സ്വീകരിച്ചു. ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, മുൻ രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, പ്രിയദർശിനി പബ്ലിക്കേഷൻ പത്തനംതിട്ട ജില്ല കോഓഡിനേറ്റർ ജി. രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.പ്രാദേശിക ടൂറിസം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്ന പുസ്തകം യാത്രാപ്രേമികൾക്ക് ഒരു മുതൽക്കൂട്ടാണ്. പത്തനംതിട്ട ജില്ലയിലെ ടൂറിസം രംഗത്ത് ശ്രദ്ധേയമായ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പുസ്തകമാണിത്.
ഒരു പതിറ്റാണ്ടിലേറെയായി ബഹ്റൈൻ പ്രവാസജീവിതം നയിക്കുന്ന സുനിൽ തോമസ് പത്തനംതിട്ട റാന്നി കീക്കൊഴൂർ സ്വദേശിയാണ്. കവിതകളും മനസ്സിൽ പതിയുന്ന ആനുകാലിക വിഷയങ്ങളിൽ പത്രങ്ങളുടെ എഡിറ്റോറിയൽ പേജിൽ കത്തുകൾ എഴുതുന്നതും ഇഷ്ടവിനോദങ്ങളാണ്.പത്രങ്ങളിലെ കത്തുകൾ എന്ന കോളത്തിൽ പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത 100 കത്തുകൾ പ്രസിദ്ധീകരണത്തിനൊരുങ്ങുകയാണ്. ഒരു കവിത സമാഹാരവും പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് താമസിയാതെ ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാകും.പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹ്റൈൻ ചാപ്റ്റർ രൂപവത്കൃതമായ ശേഷം ചുരുങ്ങിയ നാളുകൾക്കുള്ളിൽതന്നെ ആദ്യമായി പ്രവാസലോകത്ത് നിന്ന് ഇറങ്ങുന്ന പുസ്തകം എന്ന പ്രത്യേകതയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.