മനാമ: ബഹ്റൈനിലെ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്താനുള്ള പാർലമെന്റ് നിർദേശം ശൂറ കൗൺസിൽ രണ്ടാമതും തള്ളാൻ ഒരുങ്ങുന്നു. പിഴയടക്കുന്നതിനുള്ള ഇളവ് കാലാവധി നീട്ടുന്നത് നിയമത്തിന്റെ ശിക്ഷാപരമായ സ്വാധീനം കുറക്കുമെന്നും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കടുത്ത നടപടികൾക്ക് ഇത് വിരുദ്ധമാണെന്നും കൗൺസിൽ അംഗങ്ങൾ മുന്നറിയിപ്പ് നൽകി. ഞായറാഴ്ച നടക്കാനിരിക്കുന്ന ശൂറ കൗൺസിൽ സമ്മേളനത്തിന് മുന്നോടിയായി വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാസമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഭേദഗതി നിരസിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. ട്രാഫിക് നിയമത്തിലെ 56ാം വകുപ്പിൽ മാറ്റം വരുത്താനായിരുന്നു പാർലമെന്റ് രണ്ടുതവണ നിർദേശിച്ചത്.
നിലവിലെ നിയമപ്രകാരം ട്രാഫിക് നിയമലംഘനം നടത്തുന്നവർക്ക് ഏഴ് ദിവസത്തിനുള്ളിൽ പിഴ അടക്കുകയാണെങ്കിൽ നിശ്ചിത തുകയുടെ പകുതി മാത്രം നൽകിയാൽ മതിയാകും. എന്നാൽ ഈ സമയം 30 ദിവസമായി നീട്ടണമെന്നായിരുന്നു പാർലമെന്റിന്റെ ആവശ്യം. സാധാരണക്കാരായ ജനങ്ങൾക്ക് സാമ്പത്തികഭാരം കുറക്കാൻ ഇത് സഹായിക്കുമെന്ന് പാർലമെന്റ് വാദിച്ചെങ്കിലും സുരക്ഷാസമിതി ഇത് അംഗീകരിച്ചില്ല.
പിഴ ഉടൻ അടക്കണമെന്ന വ്യവസ്ഥ കുറ്റവാളികളിൽ നിയമത്തോടുള്ള ഭയം നിലനിർത്താൻ ആവശ്യമാണ്. സമയം നീട്ടിനൽകുന്നത് ഈ ഗൗരവം ഇല്ലാതാക്കുമെന്നാണ് എതിർപ്പിനുള്ള പ്രധാന കാരണമായി പറഞ്ഞത്. ട്രാഫിക് പിഴകൾ വർധിപ്പിച്ചുകൊണ്ടുള്ള 2025ലെ 30ാം നമ്പർ ഉത്തരവ് നിയമം അടുത്തിടെയാണ് പ്രാബല്യത്തിൽ വന്നത്. ശിക്ഷകൾ കർശനമാക്കാൻ രാജ്യം ശ്രമിക്കുമ്പോൾ ഇളവുകൾ നൽകുന്നത് നിയമപരമായ വൈരുധ്യമുണ്ടാക്കുമെന്നും സമിതി അഭിപ്രായപ്പെട്ടു. രണ്ടാമതും ശൂറ കൗൺസിൽ ഈ ഭേദഗതി തള്ളുകയാണെങ്കിൽ, ഭരണഘടനയുടെ 84ാം അനുച്ഛേദമനുസരിച്ച് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഇരുസഭകളുടെയും സംയുക്ത യോഗം വിളിച്ചുചേർക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.