മനാമ: കേരളത്തെയും പ്രവാസികളെയും പാടേ അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ബഹ്റൈൻ ഐ.എം.സി.സി. എല്ലാ മേഖലകളിലും കേരളത്തോട് കടുത്ത വിവേചനമാണ് കേന്ദ്രസർക്കാർ ബജറ്റിൽ കാണിച്ചിട്ടുള്ളത്.
എയിംസ് മാത്രമല്ല ഇന്ന് പ്രഖ്യാപിച്ച മൂന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിലും വിദേശ രാജ്യങ്ങളിൽപോലും ആയുർവേദത്തിന് പേരും പെരുമയും നേടിക്കൊടുത്ത കേരളത്തിനെ അവഗണിച്ചുവെന്നത് കേന്ദ്രം കാണിക്കുന്ന വിവേചനത്തിന്റെ ആഴം എടുത്ത് കാണിക്കുന്നതാണ്. ജലഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വന്ന സംസ്ഥാനമാണ് കേരളം. വാട്ടർ മെട്രോയും ഉൾനാടൻ ജലഗതാഗത സംവിധാനങ്ങളും ഉദാഹരണം. ഏറ്റവും മികച്ച ഉൾനാടൻ ജലപാതകളുള്ള കേരളത്തെ പാടെ അവഗണിച്ചാണ് അതുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ഒഡിഷയിലേക്കും ബിഹാറിലേക്കും ഉത്തർപ്രദേശിലേക്കും നൽകിയത്.
റെയിൽവേ വികസനത്തിനായി റെക്കോഡ് തുക ഇത്തവണത്തെ ബജറ്റിൽ മാറ്റിവെച്ചപ്പോഴും കേരളത്തിന് കാര്യമായി ഒന്നുംതന്നെ നൽകിയിട്ടില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ പങ്ക് നൽകുന്ന പ്രവാസി സമൂഹത്തെയും പാടെ അവഗണിച്ച ഒരു ബജറ്റാണിത്.
കടലാമ വളർത്തലും കേരളത്തിൽ നിന്നുള്ള ധാതുലവണങ്ങൾ അദാനിമാർക്ക് വിൽക്കാനുള്ള ധാതു ഇടനാഴിയും കേരളത്തെ കോർപറേറ്റുകൾക്ക് വിൽക്കാനുള്ള പുതിയ ജനാധിപത്യവിരുദ്ധ നീക്കമാണ്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും ബഹ്റൈൻ ഐ.എം.സി.സി പ്രസിഡന്റ് പുളിക്കൽ മൊയ്തീൻകുട്ടിയും ജനറൽ സെക്രട്ടറി കാസിം മലമ്മൽ, ട്രഷറർ പി.വി. സിറാജ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.