മനാമ: ബഹ്റൈനിലെ പുതിയ നഗരപ്രദേശങ്ങളിലും പഴയ പാർപ്പിട മേഖലകളിലും എലിശല്യം വർധിക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഹമദ് ടൗൺ, സൽമാൻ ടൗൺ, റാംലി, പഴയ മുഹറഖ് എന്നിവിടങ്ങളിലാണ് എലികളുടെ ശല്യം ഏറ്റവും രൂക്ഷമായിരിക്കുന്നത്. വീടുകൾക്കുള്ളിൽ എലികൾ അതിക്രമിച്ചു കയറുന്നതായും വസ്തുവകകൾ നശിപ്പിക്കുന്നതായും പരാതികൾ വ്യാപകമാണ്.
വീടുകളിലെ ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ എലികൾ വ്യാപകമായി നശിപ്പിക്കുന്നതായാണ് പലരും പരാതിപ്പെടുന്നത്. പകർച്ചവ്യാധികൾ പടർത്താൻ സാധ്യതയുള്ള എലികൾ പെരുകുന്നത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാകുന്നുമുണ്ട്. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളും സംരക്ഷിത സ്മാരകങ്ങളുമാണ് എലികളുടെ പ്രധാന പ്രജനന കേന്ദ്രങ്ങളായി മാറുന്നത്.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വെസ്റ്റേൺ ഹമദ് ടൗൺ കൗൺസിലർ അബ്ദുല്ല അൽ ഖൊബൈസി മുന്നറിയിപ്പ് നൽകി. ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ ജനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും, വിവിധ മന്ത്രാലയങ്ങൾക്കിടയിൽ (ഹൗസിങ്, വർക്സ് മന്ത്രാലയങ്ങൾ) അനുമതി ലഭിക്കുന്നതിലെ താമസം പ്രതിരോധ നടപടികളെ ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ നഗര വികസന പദ്ധതികൾ നടക്കുന്ന ഇടങ്ങളിൽ എലികൾ വളരെ വേഗത്തിൽ പെരുകുന്നതായും അടിയന്തരമായി സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സ്ഥിതി ഇനിയും വഷളാകുമെന്നും കൗൺസിലർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.