മനാമ: സിത്രയിൽ നിർമാണത്തിലിരുന്ന വീടിന്റെ മതിൽ തകർന്ന് വീണ് ഇന്ത്യൻ തൊഴിലാളി മരിച്ച സംഭവത്തിൽ ബഹ്റൈനി സൈറ്റ് സൂപ്പർവൈസർ കുറ്റക്കാരനാണെന്ന് ഹൈ ക്രിമിനൽ കോടതി കണ്ടെത്തി. മനഃപൂർവമല്ലാത്ത നരഹത്യ, തൊഴിലിടങ്ങളിലെ സുരക്ഷാവീഴ്ച തുടങ്ങിയ നാല് കുറ്റങ്ങൾ ചുമത്തി ഇയാൾക്ക് മൂന്നുമാസം തടവ് ശിക്ഷ വിധിച്ചു.
കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. 60 വയസ്സുകാരനായ ബൽവീന്ദർ സിംഗ് എന്ന തൊഴിലാളിയാണ് അപകടത്തിൽ മരിച്ചത്. നിർമാണത്തിലിരുന്ന വീടിന്റെ ഒന്നാം നിലയിൽ ചായ കുടിക്കാനായി അദ്ദേഹം ജനലിനരികിൽ ഇരുന്നു. തിരികെ ജോലിക്ക് കയറാൻ എഴുന്നേറ്റപ്പോൾ തലക്കറക്കം അനുഭവപ്പെടുകയും ബാലൻസ് തെറ്റുകയുംചെയ്തു.
പിടിച്ചുനിൽക്കാൻ സമീപത്തെ മതിലിൽ ചാരിയപ്പോൾ നിർമാണം പൂർത്തിയാകാത്ത മതിൽ തകർന്ന് താഴേക്ക് വീഴുകയായിരുന്നു. മൂന്നുമീറ്റർ ഉയരത്തിൽനിന്ന് താഴെയുള്ള സിമന്റ് കട്ടകൾക്ക് മുകളിലേക്കാണ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൈറ്റ് മാനേജർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു.
മതിലിന് മുകളിലെ ഭാരം താങ്ങാൻ ആവശ്യമായ ‘ലിന്റൽ’ സ്ഥാപിക്കുന്ന ജോലികൾക്കിടെയാണ് അപകടം. സൈറ്റിൽ ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല. അപകടസാധ്യതകൾ മുൻകൂട്ടി വിലയിരുത്തുന്നതിൽ മാനേജർ പരാജയപ്പെട്ടെന്നും കോടതി കണ്ടെത്തി. തൊഴിലാളിയുടെ മരണം തൊഴിലുടമയുടെയും മാനേജറുടെയും ഉത്തരവാദിത്തമാണെന്ന് ലേബർ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് 44കാരനായ ബഹ്റൈനി കോൺട്രാക്ടർക്കെതിരെ ശിക്ഷാനടപടിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.