മനാമ: ബഹ്റൈനിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ സേവന നിരക്കുകൾ നിയന്ത്രിക്കണമെന്ന എം.പിമാരുടെ അടിയന്തര പ്രമേയത്തിന് മറുപടി നൽകി സർക്കാർ. സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നിലവിൽതന്നെ ഗവൺമെന്റ് സംവിധാനങ്ങളുടെ കൃത്യമായ നിരീക്ഷണത്തിലാണെന്നും നിലവിലുള്ള നിയമ ചട്ടക്കൂടുകൾ തന്നെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ പര്യാപ്തമാണെന്നും സർക്കാർ അറിയിച്ചു.
സ്വകാര്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനും അത് പുതുക്കുന്നതിനും കർശനമായ മാനദണ്ഡങ്ങൾ നിലവിലുണ്ട്. ചികിത്സയുടെ ഗുണനിലവാരം ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുന്നുണ്ട്. ചികിത്സക്കായി ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങളും സാങ്കേതികവിദ്യകളും അംഗീകൃത അന്താരാഷ്ട്ര നിലവാരമുള്ളതായിരിക്കണമെന്നും നിർബന്ധമുണ്ട്. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 2015ലെ 21ാം നമ്പർ ഉത്തരവ് പ്രകാരമാണ് ഈ നിരീക്ഷണങ്ങൾ നടക്കുന്നത്.
തങ്ങൾക്ക് അനുയോജ്യമായ സേവനവും നിരക്കും ലഭ്യമാകുന്ന സ്വകാര്യ ആശുപത്രി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം രോഗികൾക്കുണ്ട് തുടങ്ങിയവയാണ് മന്ത്രിസഭ എം.പിമാർക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയിലെ പ്രധാന കാര്യങ്ങൾ. ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി വഴിയാണ് ഈ മേൽനോട്ടം പ്രധാനമായും നടക്കുന്നത്.
സ്വകാര്യ മേഖലയിലെ സേവനങ്ങളിൽ മത്സരാധിഷ്ഠിതമായ വില നിലവാരം നിലനിർത്തുന്നതിലൂടെ രോഗികൾക്ക് മികച്ച സേവനം ഉറപ്പാക്കാമെന്നാണ് സർക്കാർ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.