ടി.പി. അബ്ദുറഹ്മാന് അൽ മന്നായി കമ്യൂണിറ്റീസ് അവേർനെസ് സെന്റർ നൽകിയ യാത്രയയപ്പ്
മനാമ: 47 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ടി.പി. അബ്ദുറഹ്മാന് അൽ മന്നായി കമ്യൂണിറ്റീസ് അവേർനെസ് സെന്റർ (മലയാളം വിഭാഗം) റിഫ യൂനിറ്റ് യാത്രയയപ്പ് നൽകി.
യൂനിറ്റ് സെക്രട്ടറി സമീർ അലി സ്വാഗതം പറഞ്ഞു. അൽ മന്നായി മലയാളം വിഭാഗം ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്റെ പ്രവാസകാലത്തെ ദീനീപ്രവർത്തനങ്ങൾ ഇസ്ലാഹി പ്രസ്ഥാനത്തിന് എത്രമാത്രം നേട്ടമുണ്ടാക്കി എന്ന കാര്യത്തോടൊപ്പം ഇംഗ്ലീഷ് ഭാഷയിലും അറബിഭാഷയിലും ഉള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യവും രിസാലുദ്ദീൻ പ്രത്യേകം സ്മരിച്ചു.
ആദ്യകാലത്ത് ഗൾഫ് ഡെയിലി ന്യൂസ് പത്രത്തിൽ അബ്ദുറഹ്മാൻ ഇംഗ്ലീഷിൽ എഴുതുന്ന കഥകൾക്കായി ജി.ഡി.എൻ മാറ്റിവെക്കുന്ന കോളം മലയാളികൾക്കും പ്രത്യേകിച്ച് ഇസ്ലാഹി പ്രവർത്തകർക്കും ഏറെ അഭിമാനിക്കാൻ പറ്റുന്ന കാര്യമായിരുന്നെന്ന് രിസാലുദ്ദീൻ കൂട്ടിച്ചേർത്തു. മറ്റ് കേന്ദ്ര നേതാക്കളായ ഹംസ കെ. ഹമദ്, കോയ ബേപ്പൂർ, പി.പി. ഹനീഫ, കുഞ്ഞമ്മദ് ഇസ ടൗൺ, അബ്ദുറഹ്മാൻ ഇസ ടൗൺ, നൂർ അടിയലത്ത്, നിസാർ, അബ്ദുൽ അസിസ്, അബ്ദുറഹ്മാൻ, സ്വാലിഹ് അൽ ഹികമി എന്നിവർ ആശംസകൾ നേർന്നു.
റിഫ യൂനിറ്റിന് വേണ്ടി കേന്ദ്ര സോഷ്യൽ വെൽഫെയർ സെക്രട്ടറി ഹംസ കെ. ഹമദ് അബ്ദുറഹ്മാന് ഉപഹാരം നൽകി ആദരിച്ചു. മറുപടി പ്രസംഗത്തിൽ, മുപ്പതാമത്തെ വയസ്സിൽ പ്രവാസി ആയി ബഹ്റൈനിൽ എത്തി 47 വർഷത്തോളം ബഹ്റൈൻ മിലിട്ടറി വിഭാഗത്തിൽ ജോലി ചെയ്ത കാര്യം അദ്ദേഹം ഓർത്തെടുത്തു. ഏറെ നല്ല കാര്യങ്ങൾ ദീനിന് വേണ്ടി ചെയ്യാൻ സാധിച്ചു എന്നതിൽ റബ്ബിനെ സ്തുതിച്ചുകൊണ്ട്, ഇംഗ്ലീഷ് ഭാഷയിൽ തനിക്കുള്ള പ്രാവീണ്യം മനസ്സിലാക്കി കുറച്ച് സഹായികളുടെ സാനിധ്യത്തിൽ ബഹ്റൈനിൽ ആദ്യമായി ഇംഗ്ലീഷ് മീഡിയം ഇസ്ലാമിക് മദ്റസക്ക് തുടക്കംകുറിച്ച കാര്യം അദ്ദേഹം ഓർമിച്ചു.
നമ്മുടെ കുട്ടികളുടെ മതപഠനം ഇംഗ്ലീഷിൽ ആക്കേണ്ട സാഹചര്യം നിർബന്ധമാന്നെന്ന് മനസ്സിലാക്കി അതിന് വേണ്ടുന്ന പുസ്തകങ്ങൾ മറ്റു ഭാഷകളിൽനിന്ന് അദ്ദേഹം തർജമ ചെയ്യുകയുമുണ്ടായി. ചെറിയ ക്ലാസ് മുതൽ തുടങ്ങി ആ സംരംഭം ഇന്ന് ഏഴാം ക്ലാസ് വരെ ഉള്ള മദ്റസകളിലായി ബഹ്റൈനിൽ അനേകം കുട്ടികൾക്ക് ദീൻ പഠിക്കാൻ കാരണമായതിൽ താൻ ഏറെ കൃതാർഥനാണെന്ന് അദ്ദേഹം പറഞ്ഞു. ഖുർആൻ പഠനവും അതുപോലെ പല ഖുർആൻ ഖിറാഅത്ത് മത്സരങ്ങളിലും മുൻകാലങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച് ബംഗളൂരുവിൽ വെച്ച് മത്സരിച്ച കാര്യവും അദ്ദേഹം ഓർത്തു. മുജീബ് നൂഹ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.