മനാമ: രാജ്യത്തെ ജലസംരക്ഷണത്തിനായി യു.എൻ ഹാബിറ്ററ്റ് ഓഫിസും പ്രാദേശിക സ്ഥാപനങ്ങളും ചേർന്ന് മൂന്നു പുതിയ പദ്ധതികൾക്ക് തുടക്കമിട്ടു. 250,000 ഘനമീറ്ററിലധികം വെള്ളം ലാഭിക്കുകയാണ് ഇതിന്റെ ലക്ഷ്യം. 250 വീടുകളിലെ ചോർച്ചകൾ പരിഹരിക്കുക, ജീവകാരുണ്യ സംഘടനകൾ വഴി കാര്യക്ഷമമായ ജല ഉൽപന്നങ്ങൾ വിതരണം ചെയ്യുക, 50 പള്ളികളിൽ ഗ്രേവാട്ടർ റീസൈക്ലിങ് സംവിധാനം സ്ഥാപിക്കുക എന്നിവയാണ് പ്രധാന പദ്ധതികൾ.
“ഈ പദ്ധതി ബഹ്റൈനിലെ ജലസംരക്ഷണത്തിനായുള്ള വലിയൊരു സംരംഭത്തിന്റെ ഭാഗമാണെന്ന് യു.എൻ-ഹാബിറ്റാറ്റ് ബഹ്റൈനിലെ അസോസിയേറ്റ് പ്രോഗ്രാം ഓഫിസർ മുഹമ്മദ് ദാദാഭായി പറഞ്ഞു. 250,000 ഘനമീറ്റർ വെള്ളം ലാഭിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും മൂന്നു വഴികളിലൂടെയാണ് ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പ്രാഥമിക ഘട്ടമെന്നോണം ബഹ്റൈനിലെ 250 വീടുകളിലെ ജല ചോർച്ചകൾ പരിഹരിക്കും. രണ്ടാമതായി, ഷവർ ഹെഡുകൾപോലുള്ള 200 ജല ഉൽപന്നങ്ങൾ വാങ്ങി അത് വിവിധ വീടുകളിലേക്ക് വിതരണം ചെയ്യാൻ ജീവകാരുണ്യ സംഘടനകൾക്ക് കൈമാറും. ശേഷം 50 പള്ളികളിൽ ഗ്രേവാട്ടർ സംവിധാനങ്ങൾ സ്ഥാപിക്കും. ഈ സംവിധാനം വഴി അംഗശുദ്ധി വരുത്തുന്ന വെള്ളം പുനരുപയോഗിച്ച് പള്ളിയോട് ചേർന്നുള്ള ശ്മശാനങ്ങളിലും പുൽമേടുകളിലും ഉപയോഗിക്കും. ഈ ഗ്രേവാട്ടർ സംവിധാനത്തിന്റെ രൂപകൽപനയും നിർവഹണവും ഒരു പ്രാദേശിക കൺസൾട്ടന്റ് വഴി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക ബിസിനസുകളെ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിനായി ബഹ്റൈൻ ചേംബറിൽ നടത്തിയ ഒരു ഇൻഫർമേഷൻ സെഷനിൽ സംസാരിക്കുകയായിരുന്നു മുഹമ്മദ് ദാദാഭായി. നെസ്ലെ, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇവ) എന്നിവരുമായി സഹകരിച്ചാണ് പദ്ധതിയുടെ രൂപകൽപനയും നടപ്പാക്കലും. ഇവക്ക് സ്വന്തമായി നിരീക്ഷണ സംവിധാനവും പരാതി പരിഹാര ഹോട്ട്ലൈനും ഉണ്ട്. ചോർച്ച ഉണ്ടാകാൻ സാധ്യതയുള്ള വീടുകളുടെ വിവരങ്ങൾ അവർ നൽകും. ഈ സംരംഭം ബഹ്റൈനിലെ എല്ലാ മുനിസിപ്പാലിറ്റികളിലുമുള്ള സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രയോജനകരമാകും. ലോകത്ത് ജലദൗർലഭ്യം നേരിടുന്ന രാജ്യങ്ങളിൽ ഒന്നാണ് ബഹ്റൈൻ. ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും കാഴ്ചപ്പാടുകൾക്ക് അനുസൃതമായി നിരവധി ദേശീയ സംരംഭങ്ങൾ ഇതിനോടകം ഞങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ദാദാഭായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.