മനാമ: രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സന്ദർശക ഡോക്ടർമാർക്ക് ലൈസൻസ് നൽകുന്ന നടപടിക്രമങ്ങൾ നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) പരിഷ്കരിച്ചു.
സർക്കാർ സേവനങ്ങൾ പുനഃക്രമീകരിക്കുന്നതിനും ഡിജിറ്റൽവത്കരിക്കുന്നതിനുമുള്ള ബഹ്റൈൻ സർക്കാറിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ലൈസൻസ് അനുവദിക്കുന്നതിനായുള്ള പ്രോസസിങ് സമയം അഞ്ച് പ്രവൃത്തി ദിവസങ്ങളിൽനിന്ന് മൂന്ന് ദിവസമായാണ് കുറച്ചത്.
പരിശോധന ഘട്ടങ്ങൾ ലഘൂകരിക്കുകയും അപേക്ഷാ നടപടികൾ നാല് ഘട്ടങ്ങളായി ചുരുക്കുകയും ചെയ്തു. ആവശ്യമായ അംഗീകാരങ്ങളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി നടത്തിയിരുന്ന വെരിഫിക്കേഷൻ നടപടികൾ ഇനി മുതൽ സിംഗിൾ പ്രോസസിലൂടെ പൂർത്തിയാക്കാം. രേഖകളുടെ കൃത്യതയും ഗുണനിലവാരവും ഉറപ്പുവരുത്തിക്കൊണ്ട് തന്നെയാണിത് നടപ്പിലാക്കുന്നത്. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന രീതിയിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളും പരിഷ്കരിച്ചു. ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏകീകൃത രൂപത്തിലാക്കി.
നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ആരോഗ്യമേഖലയിലെ മേൽനോട്ടവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കാരമെന്ന് എൻ.എച്ച്.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ.അഹ്മദ് മുഹമ്മദ് അൽ അൻസാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.