ഒളിമ്പിക് കമ്മിറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽനിന്ന്
മനാമ: ബഹ്റൈനിൽ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള തയാറെടുപ്പുകൾ അവലോകനം ചെയ്ത് ഒളിമ്പിക് കമ്മിറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം. ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് അവലോകനം ചെയ്തത്.
2025 ഒക്ടോബർ 22 മുതൽ 31വരെയാണ് യൂത്ത് ഗെയിംസ് നടക്കുക. ലോസ് ആഞ്ജലസ് 2028 ഒളിമ്പിക് ഗെയിംസിനുള്ള കമ്മിറ്റിയുടെ നിലവിലുള്ള തയാറെടുപ്പുകളും യോഗത്തിൽ ചർച്ചയായി. ഏറ്റവും ഉയർന്ന തലത്തിൽ മത്സരിക്കാൻ അത്ലറ്റുകൾക്ക് പരിശീലനം നൽകേണ്ടതിന്റെ പ്രാധാന്യം ശൈഖ് ഖാലിദ് ഊന്നിപ്പറഞ്ഞു. ഭാവിയിലെ കായിക മത്സരങ്ങളിൽ ബഹ്റൈന്റെ മെഡൽ സാധ്യത വർധിപ്പിക്കുന്നതിനായി പുതിയ കായിക ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ ഡയറക്ടേഴ്സ് അംഗങ്ങളെ പ്രശംസിച്ച ശൈഖ് ഖാലിദ് 2025ന്റെ ആദ്യ പകുതിയിൽ ബഹ്റൈനിലെ കായിക ഫെഡറേഷനുകൾ കൈവരിച്ച നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു. ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റിയുടെ 46 വർഷത്തെ യാത്രയിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിക്കുകയും രാജ്യത്തെ കായികരംഗത്ത് അത് നേടിയ നിരവധി വിജയങ്ങളും സംഭാവനകളും എടുത്തു കാണിക്കുകയും ചെയ്തു.
ബഹ്റൈൻ ഒളിമ്പിക് അക്കാദമിയുടെ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിക്കുകയും, ബോർഡ് അംഗവും ലിംഗസമത്വ സമിതിയുടെ ചെയർപേഴ്സനുമായ ശൈഖ ഡോ. ഹെസ്സ ബിൻത് ഖാലിദ് ആൽ ഖലീഫയെ, ഇന്റർനാഷനൽ ഒളിമ്പിക് അക്കാദമിയുമായി ചേർന്ന് സർട്ടിഫൈഡ് അഡ്മിനിസ്ട്രേറ്റിവ് പ്രോഗ്രാമുകൾ ഏകോപിപ്പിക്കാൻ ശൈഖ് ഖാലിദ് ചുമതലപ്പെടുത്തി. പ്രാദേശിക ക്ലബുകളിലെയും ഫെഡറേഷനുകളിലെയും കായിക അഡ്മിനിസ്ട്രേറ്റർമാരുടെ കഴിവുകൾ മെച്ചപ്പെടുത്താനാണ് ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.