സൂപ്പർകപ്പ് ട്രോഫികൾ
മനാമ: മീഡിയവൺ ബഹ്റൈൻ സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് സോക്കർ ഫെസ്റ്റിവൽ സീസൺ രണ്ടിന് ഇന്ന് തുടക്കമാവും. കളിക്കളത്തിൽ വീറും വാശിയും നിറക്കുന്ന കാൽപന്തുകളിയുടെ സൗന്ദര്യവും വിവിധ വിനോദ പരിപാടികളുടെ നിറപ്പകിട്ടും അനുവാചകർക്ക് അതുല്യമായ രണ്ടു ദിനങ്ങൾ സമ്മാനിക്കും. ഒക്ടോബർ 16, 17 തീയതികളിൽ സിഞ്ചിലുള്ള അൽ അഹ്ലി സ്റ്റേഡിയത്തിലാണ് കാർണിവൽ ഒരുക്കുന്നത്. കാൽപന്തു കളിയുടെ വശ്യതയും ചാരുതയുമായി വിവിധ ജി.സി.സി രാജ്യങ്ങളിൽ ആവേശം പകർന്ന മീഡിയവൺ സൂപ്പർ കപ്പ് മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ബഹ്റൈൻ ഇന്ത്യ ഫുട്ബാൾ അസോസിയേഷനു(ബിഫ) മായി സഹകരിച്ചാണ് ഫുട്ബാൾ മാമാങ്കം സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് ബഹ്റൈൻ നാഷനൽ ടീമിലെ താരം ഹസയുടെ കിക്കോഫോടു കൂടിയാണ് മത്സരങ്ങൾക്ക് തുടക്കം കുറിക്കുക. ഉദ്ഘാടന ചടങ്ങിൽ ബഹ്റൈനിലെ പാർലമെന്റ് അംഗങ്ങൾ, സ്വദേശി പ്രമുഖർ, സംഘടനാ ഭാരവാഹികൾ, പ്രമുഖ സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് ആരംഭിക്കുന്ന സോക്കർ കാർണിവലിൽ വനിതകൾക്കും കുട്ടികൾക്കുമായി നടത്തപ്പെടുന്ന പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം, പായസ മത്സരത്തിന്റെ ഫൈനൽ റൗണ്ട്, ജ്വാല മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനനിശ, സഹൃദയ നാടൻ പാട്ട് സംഘം അവതരിപ്പിക്കുന്ന നാടൻ പാട്ട്, തൈക്വാൻഡോ പ്രദർശനം, മലർവാടി ബാലസംഘം അവതരിപ്പിക്കുന്ന ഒപ്പന, മറ്റു വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറും. രാത്രി ഒമ്പതു മണി മുതൽ ആവേശകരമായ ഫുട്ബാൾ മത്സരത്തിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ അരങ്ങേറും.
അതിനിടെ സൂപ്പർ കപ്പ് മത്സരത്തിന്റെ ട്രോഫി ലോഞ്ചിങ് ബഹ്റൈൻ ദേശീയ ഫുട്ബാൾ ടീമിന്റെ മുൻ കോച്ചും അഞ്ച് തവണ ഗൾഫ് കപ്പിൽ ബഹ്റൈൻ ദേശീയ ടീമിനെ പ്രതിനിധീകരിച്ച പ്രമുഖ ഫുട്ബാൾ താരം ഹമദ് മുഹമ്മദ് നിർവഹിച്ചു.പരിപാടിയിൽ മീഡിയവൺ ബഹ്റൈൻ രക്ഷാധികാരി സുബൈർ എം.എം, എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ സഈദ് റമദാൻ നദ്വി, ഗൾഫ് മാധ്യമം ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, മീഡിയവൺ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര, സൂപ്പർ കപ്പ് സോക്കർ കാർണിവൽ സംഘാടക സമിതി ജനറൽ കൺവീനർ അനീസ് വി.കെ, ഫുഡ് സിറ്റി എം.ഡി മുഹമ്മദ് സ്വാലിഹ്, ബിഫ പ്രസിഡന്റ് റഹ്മത്ത് അലി, മീഡിയവൺ റിപ്പോർട്ടർ ശെഫി ഷാജഹാൻ, സൂപ്പർ കപ്പ് ടീം മാനേജ്മെന്റ് കൺവീനർ സവാദ്, കൺവീനർ ഇജാസ്, അഹദ് തുടങ്ങിയവർ പങ്കെടുത്തു.
തികച്ചും സൗജന്യമായി പ്രവേശനം അനുവദിച്ചിട്ടുള്ള സൂപ്പർ കപ്പ് കാർണിവൽ നിരവധി ദേശീയ അന്തർദേശീയ ഫുട്ബാൾ താരങ്ങൾ ഉൾക്കൊള്ളുന്ന ടീമുകളുടെ മത്സരങ്ങൾ നേരിൽ കാണാനും കുടുംബത്തോടൊപ്പം വിവിധ കലാപ്രകടനങ്ങൾ ആസ്വദിക്കാനുമുള്ള അവസരം കൂടിയായി പരിപാടി മാറുമെന്ന് സംഘാടക സമിതി ഇറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.