ബഹ്റൈൻ കേരളീയ സമാജം ഒരുക്കിയ ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലേക്ക് യാത്രചെയ്യാനുള്ള യാത്രക്കാർ ബഹ്റൈനിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ്

ബഹ്റൈൻ വ്യോമപാത അടഞ്ഞുതന്നെ; ദമ്മാം വഴി പ്രവാസികളുടെ യാത്ര തുടരുന്നു

മനാമ: മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ബഹ്‌റൈനിൽ വിമാന സർവീസുകൾ മുടങ്ങുകയും പരീക്ഷകൾ റദ്ദാക്കുകയും ചെയ്തതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ ദമ്മാം വഴി നാട്ടിലേക്ക് പോകുന്നത് തുടരുന്നു. വ്യോമപാത അടച്ചതിനെത്തുടർന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഇപ്പോഴും നിർത്തിവെച്ചിരിക്കുകയാണ്. സുരക്ഷിതമായി വ്യോമപാത തുറക്കുന്നത് വരെ ഈ സ്ഥിതി തുടരുമെന്നാണ് വിമാനത്താവള അധികൃതരുടെ അറിയിപ്പ്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബഹ്‌റൈനിൽ കുടുങ്ങിയ യാത്രക്കാരെ സഹായിക്കുന്നതിനായി ഗൾഫ് എയർ സൗദിയിലെ ദമ്മാം വിമാനത്താവളം വഴി താൽക്കാലിക സർവീസുകൾ വിപുലീകരിച്ചിട്ടുണ്ട്. ലണ്ടൻ, മുംബൈ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മാർച്ച് 22 വരെ ദമ്മാമിൽ നിന്ന് ലഭ്യമാകും. യാത്രക്കാർ സൗദിയിലേക്കുള്ള കോസ്‌വേ വഴി റോഡ് മാർഗ്ഗമാണ് ദമ്മാമിലെത്തുന്നത്. ബഹ്‌റൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ബഹ്‌റൈൻ കേരളീയ സമാജചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ വിമാനം 192 യാത്രക്കാരുമായി ഞായറാഴ്ച വൈകിട്ടും രണ്ടാം വിമാനം ഇന്നെലെയും കൊച്ചിയിലെത്തി.

ബി.കെ.എസിന് പുറമേ കൂടുതൽ സംഘടനകളും ട്രാവൽ ഏജൻസികളും ചാർട്ടേഡ് സർവീസുമായി രംഗത്തെത്തിയിട്ടുണ്ട്. മേഖലയിലെ ആകാശപാതകൾ അടച്ചതിനെത്തുടർന്ന് ഏകദേശം 40,000 വിമാന സർവീസുകളാണ് റദ്ദാക്കിയത്. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ യാത്രാ തടസ്സമാണിത്. സുരക്ഷിത വിനോദസഞ്ചാര കേന്ദ്രമെന്ന ഗൾഫിന്‍റെ പ്രതിച്ഛായയെയും ആക്രമണങ്ങൾ നേരിയ തോതിൽ ബാധിച്ചിട്ടുണ്ട്. അടുത്ത മാസം ബഹ്‌റൈനിലും സൗദിയിലും നടക്കേണ്ടിയിരുന്ന ഫോർമുല വൺ ഗ്രാൻഡ് പ്രി മത്സരങ്ങളും റദ്ദാക്കി.

കൂടാതെ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കേണ്ടിയിരുന്ന ലോകപ്രശസ്ത സർക്കസ് കമ്പനിയായ 'സിർക് ഡു സൊലൈലിന്‍റെ' പ്രകടനവും റദ്ദാക്കി. ടിക്കറ്റ് എടുത്തവർക്ക് തുക തിരികെ നൽകിത്തുടങ്ങിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് അപ്ഡേറ്റുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Tags:    
News Summary - Bahrain airspace remains closed; expatriates continue to travel via Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.