മനാമ: സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും ശമ്പളവും പെൻഷനും ഈദിന് മുമ്പ് നൽകണമെന്ന് ഉത്തരവ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് നിർദേശം നൽകിയത്.
കഴിഞ്ഞ ദിവസം നടന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് അദ്ദേഹം ഈ നിർദേശം പുറപ്പെടുവിച്ചത്. കൂടാതെ, അടുത്ത മാസത്തെ ശമ്പളം ഏപ്രിൽ 22ന് നൽകാനും അധികൃതരോട് ആവശ്യപ്പെട്ടു. രണ്ട് മാസത്തെ ശമ്പള വിതരണത്തിന് ഇടയിലുള്ള കാലതാമസം കുറക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം.
ചെറിയ പെരുന്നാൾ പ്രമാണിച്ച് ഹമദ് രാജാവിനും പൗരന്മാർക്കും താമസക്കാർക്കും ലോകമെമ്പാടുമുള്ള മുസ് ലിംകൾക്കും കാബിനറ്റ് ആശംസകൾ നേർന്നു. ഒപ്പം വിപണിയിൽ അത്യാവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനും വ്യവസായ, വാണിജ്യ മന്ത്രാലയത്തിന് നിർദേശം നൽകി. സ്വകാര്യ മേഖലയുമായി സഹകരിച്ച് വിതരണ ശൃംഖലകൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം നിരീക്ഷണം ശക്തമാക്കും.
രാജ്യത്തിന്‍റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിൽ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ്, നാഷനൽ ഗാർഡ്, ആഭ്യന്തര മന്ത്രാലയം എന്നിവരുടെ ജാഗ്രതയെയും പ്രഫഷണലിസത്തെയും കാബിനറ്റ് പ്രശംസിച്ചു. മനാമയിലെ ജനവാസ മേഖല ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ ഒരു ബഹ്‌റൈനി യുവതി കൊല്ലപ്പെട്ടതിൽ കാബിനറ്റ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.