മെഹ്‌ഫിൽ മുജീബ്, ജൊവാന്ന മാണിച്ചൻ

ഗണിതവേഗത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനം; ലോക റെക്കോർഡ് പട്ടികയിൽ ഇടംപിടിച്ച് രണ്ട് മലയാളി വിദ്യാർത്ഥികൾ

മനാമ: മാനസിക ഗണിതത്തിൽ അസാമാന്യ വേഗതയും കൃത്യതയും പ്രകടിപ്പിച്ച് ലോക റെക്കോർഡ് പട്ടികയിൽ ഇടംനേടി ബഹ്‌റൈനിലെ രണ്ട് മലയാളി വിദ്യാർത്ഥികൾ. എലൈറ്റ് വേൾഡ് റെക്കോർഡ്‌സ് സംഘടിപ്പിച്ച സ്പീഡ് മൈൻഡ് കാൽക്കുലേഷൻ വിഭാഗത്തിലാണ് മെഹ്‌ഫിൽ മുജീബും, ജൊവാന്ന മാണിച്ചനും ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.

2026 മാർച്ച് 15നായിരുന്നു റെക്കോർഡിന് ആധാരമായ പ്രകടനം നടന്നത്. പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിയും ബഹ്‌റൈൻ പ്രവാസിയുമായ മുജീബിന്‍റെയും മുഫീദ മുജീബിന്‍റെയും മകനാണ് മെഹ്‌ഫിൽ. രണ്ട് അക്കങ്ങൾ വീതമുള്ള മൂന്ന് വരികളിലായുള്ള 57 സങ്കലന-വ്യകലന പ്രശ്നങ്ങൾ വെറും മൂന്ന് മിനിറ്റിനുള്ളിൽ കൃത്യമായി പരിഹരിച്ചാണ് മെഹ്‌ഫിൽ വിധികർത്താക്കളെ അമ്പരപ്പിച്ചത്. ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മെഹ്‌ഫിൽ, തളിപ്പറമ്പ് 'മാസ്റ്റർ കിഡ്‌സ് അബാക്കസി'ലെ വിദ്യാർത്ഥി കൂടിയാണ്. മുഫ്ലിഹ് സമാൻ മുജീബ് സഹോദരനാണ്.

നടുപ്പറമ്പിൽ മാണിച്ചൻ ജോസഫിന്റെയും സിനു സെബാസ്റ്റ്യന്‍റെയും മകളായ ജൊവാന്ന മാണിച്ചനാണ് റെക്കോർഡ് തിളക്കമുള്ള മറ്റൊരു പ്രതിഭ. രണ്ട് ഡിജിറ്റുള്ള മൂന്ന് നമ്പറുകൾ ഉൾപ്പെടുന്ന 97 ചോദ്യങ്ങൾക്ക് വെറും 5 മിനിറ്റിനുള്ളിൽ ഉത്തരം നൽകിയാണ് ജൊവാന്ന ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ജൊവാന്നയും തളിപ്പറമ്പ് ആസ്ഥാനമായുള്ള മാസ്റ്റർ കിഡ്‌സ് അബാക്കസ് അക്കാദമിയിലെ പരിശീലനത്തിലൂടെയാണ് ഈ ഉയരങ്ങളിലെത്തിയത്.

തളിപ്പറമ്പ് മാസ്റ്റർ കിഡ്‌സ് അബാക്കസിലെ സിന്ധു ടീച്ചർ, നാരായണൻകുട്ടി സർ, സജിത ടീച്ചർ, നിസ ടീച്ചർ എന്നിവരുടെ മികച്ച പരിശീലനമാണ് ഈ രണ്ട് കൊച്ചു മിടുക്കരെയും ലോക റെക്കോർഡിലേക്ക് നയിച്ചത്. ഈ ഉജ്ജ്വല നേട്ടത്തെ തുടർന്ന് മെഹ്‌ഫിലിനും ജൊവാന്നയ്ക്കും ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിൽ നിന്നും നാട്ടിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Tags:    
News Summary - Amazing performance in math speed; Two Malayali students enter world record list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.