ഗൾഫ് എയർ ദമ്മാം വഴി കൂടുതൽ സർവിസുകൾ പ്രഖ്യാപിച്ചു

മനാമ: ബഹ്‌റൈൻ വ്യോമപാത താൽക്കാലികമായി അടച്ച സാഹചര്യത്തിൽ, യാത്രക്കാരുടെ സൗകര്യാർഥം സൗദിയിലെ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കൂടുതൽ താൽക്കാലിക സർവിസുകൾ പ്രഖ്യാപിച്ച് ഗൾഫ് എയർ. പുതുതായി ജർമനിയിലെ ഫ്രാങ്ക്ഫർട്ട്, കെനിയയിലെ നെയ്‌റോബി എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ വ്യാപിപ്പിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു.

പുതുതായി പ്രഖ്യാപിച്ച ഫ്രാങ്ക്ഫർട്ട്, നെയ്‌റോബി സർവിസുകൾ ഈ മാസം മാർച്ച് 23 മുതൽ 28 വരെ ലഭ്യമായിരിക്കും. നിലവിൽ ദമ്മാം വഴി ലണ്ടൻ, മുംബൈ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് ഗൾഫ് എയർ സർവിസ് നടത്തുന്നുണ്ട്. ബഹ്‌റൈനിൽനിന്ന് ദമ്മാം വിമാനത്താവളത്തിലേക്ക് പോകുന്നതിനും തിരികെ വരുന്നതിനും ഗൾഫ് എയർ തന്നെ വാഹന സൗകര്യം ഒരുക്കും. ഉറപ്പായ ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രമായിരിക്കും ഈ സേവനം.

ബഹ്‌റൈനിൽനിന്ന് ദമ്മാം വഴി യാത്ര ചെയ്യുന്നവർക്ക് സൗദി അറേബ്യ വഴിയുള്ള ട്രാൻസിറ്റ് വിസ എടുക്കുന്നതിന് ഗൾഫ് എയർ സഹായം നൽകും. യാത്രക്കാർക്ക് ഗൾഫ് എയർ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റ് കൺഫേം ആയവർ മാത്രമാണ് യാത്രക്കൊരുങ്ങേണ്ടത്.

ബഹ്‌റൈൻ സിവിൽ ഏവിയേഷൻ കാര്യാലയത്തിന്‍റെ അറിയിപ്പ് ലഭിക്കുന്നതുവരെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വ്യോമപാത തുറക്കുന്ന മുറയ്ക്ക് സാധാരണ നിലയിലുള്ള സർവിസുകൾ പുനരാരംഭിക്കുമെന്നും ഗൾഫ് എയർ വ്യക്തമാക്കി.

Tags:    
News Summary - Gulf Air announces more services via Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.