മനാമ: ബഹ്റൈനിലെ ഭിന്നശേഷിക്കാർക്ക് സർക്കാർ-സ്വകാര്യ മേഖലകളിൽ സ്ഥിരമായ തൊഴിൽ സഹായം നൽകുന്നതിനുള്ള ഒരു പദ്ധതി പാർലമെന്റിൽ സമർപ്പിച്ചു. ഭിന്നശേഷിക്കാരെ ജോലിക്ക് എടുക്കുന്നതിൽ ചില തൊഴിലുടമകൾക്കുള്ള വിമുഖത ഇല്ലാതാക്കാനും അവർക്ക് സ്ഥിരമായ തൊഴിൽ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. പുതിയ നിർദേശമനുസരിച്ച്, ആദ്യ രണ്ട് വർഷം ജീവനക്കാരുടെ മുഴുവൻ ശമ്പളവും സർക്കാർ വഹിക്കും. അതിനുശേഷം, ജീവനക്കാരൻ ജോലി മാറിയാൽ പോലും, ശമ്പളത്തിന്റെ 75 ശതമാനം സ്ഥിരമായി സർക്കാർ ഫണ്ട് ചെയ്യും.
ഈ നിർദേശം ഭിന്നശേഷിയുള്ള ആളുകൾക്ക് ജോലി ചെയ്യാനും സംഭാവനകൾ നൽകാനും അന്തസ്സോടെ ജീവിക്കാനും ഒരു നല്ല അവസരം നൽകുന്നതിനാണെന്ന് എം.പി. ജലാൽ കാദം പറഞ്ഞു. തുല്യ അവസരങ്ങൾ സൃഷ്ടിക്കാൻ ഭരണകൂടത്തിന് കടമയുണ്ട്, ഈ പദ്ധതി അതിലേക്കുള്ള ഒരു ചുവടുവെപ്പാണ്. പദ്ധതി പ്രകാരം തൊഴിൽ മന്ത്രാലയം, സിവിൽ സർവിസ് ബ്യൂറോ, സാമൂഹിക വികസന മന്ത്രാലയം, ലേബർ ഫണ്ട് ആയ തംകീൻ എന്നിവ ഒരുമിച്ച് പ്രവർത്തിക്കും.
ഭിന്നശേഷിക്കാരുടെ കഴിവുകൾക്കനുസരിച്ചും വിപണിയുടെ ആവശ്യകതകൾക്കനുസരിച്ചുമുള്ള പരിശീലന പരിപാടികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് അവർക്ക് തൊഴിൽ മേഖലയിൽ ദീർഘകാല സ്ഥാനം ഉറപ്പാക്കാൻ സഹായിക്കും.
ഈ പദ്ധതി സ്ഥിരമായ പിന്തുണ ഉറപ്പാക്കുമെന്ന് കാദം കൂട്ടിച്ചേർത്തു. ഭിന്നശേഷിയുള്ള പൗരന്മാരെ ബഹ്റൈന്റെ വികസനത്തിൽ ഉൾപ്പെടുത്തണമെന്ന വ്യക്തമായ സന്ദേശം തൊഴിലുടമകൾക്ക് നൽകുന്ന ഒരു സ്ഥിരമായ സംവിധാനമാണ് നിർദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വേതനത്തിന് പിന്തുണ നൽകുന്നതിലൂടെയും ശരിയായ പരിശീലനം നൽകുന്നതിലൂടെയും ഭിന്നശേഷിയുള്ള ആളുകൾക്ക് വിജയിക്കാനുള്ള ഉപകരണങ്ങൾ നൽകുന്നു. തൊഴിലിടങ്ങളിലും സമൂഹത്തിലും തുല്യരായി കണക്കാക്കാൻ അവർ അർഹരാണെന്നും കാദം പറഞ്ഞു. ഈ നിർദേശം കൂടുതൽ പഠനത്തിനായി പാർലമെന്റിലെ ബന്ധപ്പെട്ട സമിതിക്ക് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.