മനാമയിലെ സേക്രഡ് ഹാർട്ട് ചർച്ചിൽ നടക്കുന്ന ഓൺലൈൻ പ്രാർഥന

മുൻകരുതൽ; പ്രാർഥനകൾ


ഓൺലൈനാക്കി ക്രൈസ്തവ പള്ളികൾ

മനാമ: മേഖലയിലുണ്ടായ ഇറാനിയൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസികളുടെ സുരക്ഷ മുൻനിർത്തി ബഹ്‌റൈനിലെ പ്രാർത്ഥനാ ചടങ്ങുകളിൽ മാറ്റം വരുത്തി ക്രൈസ്തവ പള്ളികൾ. കഴിഞ്ഞ ആഴ്‌ച മുതൽ രാജ്യത്തെ പ്രധാന ദേവാലയങ്ങളെല്ലാം ഓൺലൈൻ വഴിയോ അല്ലെങ്കിൽ നേരിട്ടും അല്ലാതെയും ഉള്ള രീതിയിലാണ് സേവനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

സെന്റ് ക്രിസ്റ്റഫേഴ്സ് കത്തീഡ്രൽ മാർച്ച് 1 മുതൽ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് സൂം വഴി പ്രാർത്ഥനകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. കാനഡ, സൈപ്രസ്, ഫലസ്തീൻ, യു.എസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഇതിൽ പങ്കുചേരുന്നുണ്ടെന്ന് കത്തീഡ്രൽ കൗൺസിൽ അറിയിച്ചു.

മനാമയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് നേരിട്ടും ഓൺലൈനായും പ്രാർത്ഥനകൾ നടക്കുന്നുണ്ട്. എന്നാൽ പള്ളിക്കുള്ളിലെ ചടങ്ങുകൾ ഒരു മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രാർത്ഥന കഴിഞ്ഞാലുടൻ വിശ്വാസികൾ പിരിഞ്ഞുപോകണമെന്നും കൂട്ടംകൂടി നിൽക്കരുതെന്നും കർശന നിർദേശമുണ്ട്.

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ വലിയ നോമ്പ് കാലത്തെ പ്രാർത്ഥനകൾ നടക്കുന്നുണ്ടെങ്കിലും നേരിട്ട് പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ വരുന്നത് ഒഴിവാക്കാൻ നിർദേശമുണ്ട്. ബുധനാഴ്ചകളിലെ പ്രസംഗങ്ങൾ ഓൺലൈൻ വഴിയാണ് നടക്കുന്നത്. വനിതാ സമാജം ഉൾപ്പെടെയുള്ള മറ്റ് ഒത്തുചേരലുകൾ റദ്ദാക്കി. മനാമയിലെ സേക്രഡ് ഹാർട്ട് ചർച്ചിലും അവാലിയിലെ കത്തീഡ്രലിലും ഇന്നലെ മുതൽ നേരിട്ടുള്ള കുർബാനകൾ പുനരാരംഭിച്ചു. എന്നാൽ കുട്ടികൾക്കുള്ള സൺഡേ സ്കൂൾ ക്ലാസുകൾ ഓൺലൈനായി തന്നെ തുടരും. ഈ ഘട്ടത്തിൽ വിശ്വാസികൾ ശാന്തത പാലിക്കണമെന്നും ഗവൺമെന്റ് നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വൈദികർ വിശ്വാസികളോട് ആഹ്വാനം ചെയ്തു. 

Tags:    
News Summary - Precautions; Prayers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.