മനാമ: കഴിഞ്ഞ വർഷം പ്രവർത്തനം അവസാനിപ്പിച്ച ഒരു ഇലക്ട്രോണിക്സ് സ്റ്റോറിന്റെ ഉടമകൾക്കെതിരെ 83,000 ദീനാറിന്റെ വാറ്റ് വെട്ടിച്ചതിന് ഹൈ ക്രിമിനൽ കോടതിയിൽ കേസെടുത്തു. കടയുടെ ഉടമകളായ ഒരു ബഹ്റൈൻ സ്വദേശിയായ പിതാവും, അദ്ദേഹത്തിന്റെ മകനും മകളുമാണ് നികുതി വെട്ടിപ്പ് കേസിൽ പ്രതികളായി വിചാരണ നേരിടുന്നത്. നിലവിൽ അടച്ചുപൂട്ടിയ സ്ഥാപനത്തെ ‘ആർട്ടിഫിഷ്യൻ പേർസൺ’ എന്ന നിലയിൽ കേസിൽ പ്രതിചേർത്തിട്ടുണ്ട്.
നികുതി അടക്കേണ്ട ഉൽപന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയ വാറ്റ് തുക, പ്രതികൾ നാഷനൽ ബ്യൂറോ ഫോർ റവന്യൂവിന് കൈമാറിയിരുന്നില്ല. പ്രതികൾ കുറ്റം സമ്മതിക്കുകയും, കമ്പനിക്ക് കടം പെരുകിയെന്നും, നികുതി അടക്കാൻ പണമില്ലാതെ വന്നെന്നുമാണ് കോടതിയിൽ മൊഴി നൽകിയിരിക്കുന്നത്.
സിജിലാത്ത് സ്ഥാപനത്തിന്റെ വാണിജ്യ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.വാറ്റ് തുകയായ 83,020 ദീനാർ പ്രതികൾ എൻ.ബി.ആറിന് നൽകാനുണ്ടെന്നും, നിയമപരമായി അനുവദിച്ച 120 ദിവസത്തെ സമയപരിധിക്കുള്ളിലോ അതിന് ശേഷമോ കുടിശ്ശിക തീർക്കാൻ ശ്രമിച്ചില്ലെന്നും കേസ് ഫയലുകൾ ആരോപിക്കുന്നു.
ഇതേ തുടർന്നാണ് എൻ.ബി.ആർ പബ്ലിക് പ്രോസിക്യൂഷൻ വഴി കോടതിയിൽ കേസ് ഫയൽ ചെയ്തത്. 20 വർഷംമുമ്പ് ഈസ ടൗണിൽ ആരംഭിച്ച ഈ സ്റ്റോറിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടാതെ കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, കായിക ഉപകരണങ്ങൾ തുടങ്ങി 10 ബിസിനസ് പ്രവർത്തനങ്ങൾ നടത്താനുള്ള ലൈസൻസ് ഉണ്ടായിരുന്നു.കേസിന്റെ തുടർ നടപടികൾക്കും മറ്റു കോടതി വിധികൾക്കുമായി കേസ് ഈ മാസം 14ലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.