അഡ്വ. ജോസ് എബ്രഹാമിന് സുപ്രീം കോടതിയുടെ ആദരം കൈമാറുന്നു
മനാമ: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമിന് സുപ്രീംകോടതിയുടെ ആദരം. സുപ്രീം കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച നിയമദിനത്തോടനുബന്ധിച്ചുള്ള ചടങ്ങിലാണ് അദ്ദേഹത്തെ ആദരിച്ചത്.
തന്റെ പുതിയ ഗ്രന്ഥമായ 'ഇമ്മിഗ്രേഷൻ ഫോറീനേഴ്സ് ആക്റ്റ്' രചിച്ചതിനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ദേഹത്തിന് പ്രത്യേക ബഹുമതി സമ്മാനിച്ചത്.
ഇന്ത്യയുടെ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത, മുതിർന്ന അഭിഭാഷകൻ വികാസ് സിങ് ഉൾപ്പെടെയുള്ള പ്രമുഖ നിയമജ്ഞരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഈ ഗ്രന്ഥത്തിന് ഇന്ത്യയുടെ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയാണ് മുഖവുര എഴുതിയിരിക്കുന്നത്. അടുത്തിടെ ഷാർജ ഇന്റർനാഷനൽ ബുക്ക് ഫെയറിലായിരുന്നു പുസ്തക പ്രകാശനം.
പ്രവാസികളുടെ നിയമപരമായ ശാക്തീകരണം ലക്ഷ്യമിട്ട് അഡ്വ. ജോസ് എബ്രഹാം രചിച്ച 'സുരക്ഷിത കുടിയേറ്റം' ഉൾപ്പെടെ എട്ടോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന മുഖ്യ ലക്ഷ്യത്തോടെ ഒന്നരപതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. ഈ ആദരവിനെ സംഘടനയുടെ പ്രവർത്തന മികവിനുള്ള ഏറ്റവും പുതിയ അംഗീകാരമായി കാണുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് അറിയിച്ചു.
പ്രവാസികൾക്കുവേണ്ടിയുള്ള നിയമപരമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.