സുഗതാഞ്ജലി കാവ്യാലാപന മത്സര വിജയികൾ: ഏഡൻ ആഷ്ലി മഞ്ഞില, ഷാലിൻ സന്ദീപ്, ജ്വാല ജയചന്ദ്രൻ, ജൂന ജയചന്ദ്രൻ, ശ്വേത കിഴക്കേ മാങ്ങാട്ടില്ലം, ആദിശ്രീ സോണി, മാധവ് കൃഷ്ണ, ഡാന ആൻറോയ്, ആൻമറിയ സർജോ, നിയ കദീജ, ഗൗരിവിനു കർത്ത
മനാമ: പ്രശസ്ത കവയിത്രിയും സാമൂഹിക പ്രവർത്തകയും മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരിയുടെ സ്മരണാർഥം മലയാളം മിഷൻ ആഗോളതലത്തിൽ നടത്തുന്ന "സുഗതാഞ്ജലി" കാവ്യാലാപന മത്സരം രണ്ടാം പതിപ്പിന്റെ ബഹ്റൈൻ ചാപ്റ്റർ തല മത്സരങ്ങൾ നടന്നു. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന മത്സരത്തിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ബഹ്റൈനിലെ വിവിധ മലയാളം മിഷൻ പഠന കേന്ദ്രങ്ങളെ പ്രതിനിധാനംചെയ്ത് 25 പഠിതാക്കൾ പങ്കെടുത്തു. സബ് ജൂനിയർ വിഭാഗത്തിൽ ഏദൻ ആഷ്ലി മഞ്ഞില ഒന്നാം സ്ഥാനവും ഷാലിൻ സന്ദീപ് രണ്ടാംസ്ഥാനവും ജ്വാല ജയചന്ദ്രൻ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ജൂന ജയചന്ദ്രൻ ഒന്നാം സ്ഥാനം നേടിയപ്പോൾ ശ്വേത കിഴക്കേ മാങ്ങാട്ടില്ലം, ആദി ശ്രീ സോണി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ ഗൗരി വിനു കർത്തയ്ക്കാണ് ഒന്നാം സ്ഥാനം. സബ് ജൂനിയർ വിഭാഗത്തിൽനിന്നും മാധവ് കൃഷ്ണ, ഡാന ആൻറോയ് എന്നിവർക്കും ജൂനിയർ വിഭാഗത്തിൽ നിന്നും ആൻമരിയ സർജോ, നിയ കദീജ എന്നിവർക്കും പ്രത്യേക സമ്മാനം ലഭിച്ചു.
എല്ലാ വിഭാഗങ്ങളിൽനിന്നും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയവർ മലയാളം മിഷൻ അടുത്തമാസം ഓൺലൈനായി നടത്തുന്ന ഫൈനൽ മത്സരത്തിൽ ബഹ്റൈൻ ചാപ്റ്ററിനെ പ്രതിനിധാനംെചയ്ത് മത്സരിക്കും. മത്സരത്തിന് ആരംഭം കുറിച്ചുകൊണ്ട് നടന്ന യോഗത്തിൽ ബഹ്റൈൻ കേരളീയസമാജം ജനറൽ സെക്രട്ടറി വർഗീസ് കരക്കൽ മുഖ്യാതിഥിയായി പങ്കെടുത്തു. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എം. സതീഷ് സ്വാഗതവും സമാജം സാഹിത്യ, ചാപ്റ്റർ വിദഗ്ദ സമിതി ചെയർപേഴ്സൺ മിഷ നന്ദകുമാർ, ഫിറോസ് തിരുവത്ര എന്നിവർ ആശംസയും ചാപ്റ്റർ കോഓഡിനേറ്റർ നന്ദകുമാർ എടപ്പാൾ നന്ദിയും രേഖപ്പെടുത്തി. ചാപ്റ്റർ ജോയൻറ് സെക്രട്ടറി രജിത അനി ചടങ്ങുകൾ നിയന്ത്രിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം ചാപ്റ്ററിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യക ചടങ്ങിൽ നൽകുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.