പൊടിക്കാറ്റ് നിറഞ്ഞ അന്തരീക്ഷം. മനാമയിൽനിന്നുള്ള ദൃശ്യം - സത്യൻ പേരാമ്പ്ര
മനാമ: കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ബഹ്റൈനിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് ഗതാഗത, ടെലി കമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കാലാവസ്ഥ ഡയറക്ടറേറ്റ് വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ചൂടും പൊടിക്കാറ്റും നിറഞ്ഞ കാലാവസ്ഥ ശനിയാഴ്ച വരെ തുടരുമെന്നാണ് പ്രവചനം. വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് മിതമായതോ ശക്തമായതോ ആയ കാറ്റാണ് അനുഭവപ്പെടുക. വ്യാഴാഴ്ച വരെ ഇത് ശക്തി പ്രാപിച്ച് കൊടുങ്കാറ്റിന് സമാനമായ സാഹചര്യങ്ങൾ ഉണ്ടാവാം. പൊടിപടലങ്ങൾ, കടൽ താപനിലയിലെ വർധന, അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നത് എന്നിവയും പ്രതീക്ഷിക്കുന്നു.
സാധാരണ വേനൽക്കാല സാഹചര്യങ്ങളാണ് ബഹ്റൈനിൽ ഇപ്പോൾ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ ഡയറക്ടറേറ്റ് വക്താവ് പറഞ്ഞു. കിഴക്കൻ ഗൾഫ് മേഖലയിൽ രൂപപ്പെട്ട ഒരു ഉപരിതല ന്യൂനമർദമാണ് ഈ കാലാവസ്ഥ മാറ്റങ്ങൾക്ക് കാരണം. ഇത് പകൽ സമയത്ത് വരണ്ട കാറ്റിനും വൈകുന്നേരങ്ങളിൽ കൂടുതൽ ഈർപ്പമുള്ള അവസ്ഥക്കും കാരണമാകുന്നു. ബഹ്റൈനിൽ ജൂലൈ മാസത്തിലെ ശരാശരി ഉയർന്ന താപനില ഏകദേശം 39Oസെൽഷ്യസും രാത്രിയിലെ ശരാശരി താഴ്ന്ന താപനില ഏകദേശം 31Oസെൽഷ്യസുമായിരിക്കും. അസ്ഥിരമായ കാലാവസ്ഥ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഈ ദിവസങ്ങളിൽ കടലിൽ പോകുന്നത് ഒഴിവാക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും കാലാവസ്ഥ ഡയറക്ടറേറ്റ് പൊതുജനങ്ങളോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.