മനാമ: നഗരങ്ങളിൽ അനധികൃതമായി ചുമർ പോസ്റ്ററുകൾ പതിക്കുന്നതിനെതിരെ കർശന നടപടിയുമായി കാപിറ്റൽ ട്രസ്റ്റീസ് ബോർഡ്. നഗരങ്ങളിലെ സൗന്ദര്യം നിലനിർത്തുന്നതിന്റെ ഭാഗമായാണ് നടപടി.
പ്രവാസികൾ കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതലായും ദൃശ്യമലിനീകരണത്തിന് കാരണമാകുന്ന ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കാനാണ് ബോർഡിന്റെ തീരുമാനം. താമസസ്ഥലങ്ങളുടെയും പൊതു കെട്ടിടങ്ങളുടെയും മതിലുകളിൽ അനധികൃത പോസ്റ്ററുകൾ ഒട്ടിക്കുന്നത് ഇല്ലാതാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വളർച്ച കാരണം സമീപ വർഷങ്ങളിൽ ഈ പ്രശ്നം ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും മനാമയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് പ്രവാസികൾ കൂടുതലുള്ള പ്രദേശങ്ങളിൽ ഇപ്പോഴും തുടരുന്നുണ്ട്.
നിയമം ലംഘിക്കുന്നവർക്കെതിരെ 300 ദീനാർ വരെ പിഴ ചുമത്തുന്നതിനെക്കുറിച്ച് വിവിധ ഭാഷകളിലടക്കം ബോധവത്കരണ കാമ്പയിൻ നടത്താൻ ബോർഡ് ചെയർമാൻ സാലിഹ് തറാദ നിർദേശം നൽകിയിട്ടുണ്ട്.
ചില വ്യക്തികൾ പരസ്യങ്ങൾ പൊതു, സ്വകാര്യ കെട്ടിടങ്ങളുടെ മതിലുകളിലും ജനലുകളിലും വാതിലുകളിലും ഒട്ടിക്കുന്നുണ്ടെന്നും തറാദ പറഞ്ഞു. ഈ പ്രവണത തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്തുന്നത് ചില സാഹചര്യങ്ങളിൽ സങ്കീർണമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്പനികൾ ഏജന്റുമാരെയും ഏജന്റുമാർ മറ്റ് തൊഴിലാളികളെയും ഏൽപ്പിക്കുന്നതുകൊണ്ട് കണ്ടുപിടിക്കുന്നതിലും നടപടിയെടുക്കുന്നതിലും ബുദ്ധിമുട്ടനുഭവപ്പെട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഉത്തരവാദികളാക്കുന്ന ഒരു പുതിയ നയമാണ് തറാദ പ്രഖ്യാപിച്ചത്. ഉൾപ്പെട്ട എല്ലാവർക്കും പിഴ ചുമത്തുമെന്നും പിഴ ആര് അടക്കണമെന്ന് അവർക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.