മനാമ: പരാതികളും നിർദേശങ്ങളും വേഗത്തിലും സൗകര്യപ്രദമായും കൈകാര്യം ചെയ്യുന്നതിനുള്ള നവീകരിച്ച സംവിധാനങ്ങളുമായി സൗത്ത് മുനിസിപ്പാലിറ്റി. പദ്ധതിയുടെ ഭാഗമായി, പൊതുവായ അന്വേഷണങ്ങൾക്കും ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും 17986000 എന്ന നമ്പറിലൂടെ ഒരു ഏകീകൃത വാട്ട്സ്ആപ് ഹെൽപ്ലൈൻ സൗത്ത് മുനിസിപ്പാലിറ്റി ആരംഭിച്ചു. ഈ നമ്പറിലേക്ക് വിളിച്ചും വിവരങ്ങൾ അറിയാം.
ആളുകളുടെ വിളികൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് മാറ്റുകയും ആവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്യും. ജനങ്ങളുമായി ആശയവിനിമയം നടത്താനും അവരുടെ പരാതികൾക്ക് പരിഹാരം കാണാനും സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടർ ജനറൽ എൻജിനീയർ ഈസ അബ്ദുർറഹ്മാൻ അൽ-ബുഐനൈൻ പറഞ്ഞു. മുനിസിപ്പാലിറ്റിക്ക് ലഭിക്കുന്ന എല്ലാ അഭിപ്രായങ്ങൾക്കും പരാതികൾക്കും നിർദേശങ്ങൾക്കും മുൻഗണന നൽകുമെന്നും അൽ-ബുഐനൈൻ വ്യക്തമാക്കി. ഈ വർഷം ആദ്യ പകുതിയിൽ നാഷനൽ സജഷൻസ് ആൻഡ് കംപ്ലയിന്റ് സിസ്റ്റം (തവാസുൽ) വഴി 946 പരാതികളും 23 നിർദേശങ്ങളും 150 അന്വേഷണങ്ങളും ഉൾപ്പെടെ 1096 അപേക്ഷകളാണ് മുനിസിപ്പാലിറ്റിക്ക് ലഭിച്ചത്. എല്ലാ കേസുകൾക്കും സേവനനിലവാര കരാറിൽ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽത്തന്നെ പരിഹാരം കണ്ടിട്ടുണ്ട്.
തവാസുൽ പ്ലാറ്റ്ഫോം, പ്രാദേശിക പത്രങ്ങൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെ ലഭിക്കുന്ന ഫീഡ്ബാക്കുകൾ സ്വീകരിക്കാൻ മുനിസിപ്പാലിറ്റി എപ്പോഴും സജ്ജമാണ്. മുനിസിപ്പൽ നടപടിക്രമങ്ങൾക്കനുസരിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനായി പ്രത്യേക ടീമുകൾ ഈ കേസുകൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
തവാസുൽ വഴിയോ 17986000 എന്ന ഏകീകൃത നമ്പറിലേക്കുള്ള ഫോൺ അല്ലെങ്കിൽ വാട്ട്സ്ആപ് വഴിയോ മറ്റ് ലഭ്യമായ വഴികളിലൂടെയോ പൗരന്മാരുമായും താമസക്കാരുമായും ആശയവിനിമയം നടത്താൻ മുനിസിപ്പാലിറ്റി പൂർണമായും സജ്ജമാണെന്നും അൽ-ബുഐനൈൻ വ്യക്തമാക്കി. പൊതുജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാനും അവ വേഗത്തിൽ പൂർത്തിയാക്കാനും മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.