മനാമ: രാജ്യത്ത് കാർ വാങ്ങാനാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പുതിയ തട്ടിപ്പു സംഘത്തെക്കുറിച്ച് മുന്നറിയിപ്പുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റ്. ബഹ്റൈനിലെ പ്രമുഖ വ്യക്തികളെന്ന് ബോധിപ്പിച്ചാണ് തട്ടിപ്പുകാർ ജനങ്ങളെ സമീപിക്കുന്നത്. ഇരകളെ നേരിട്ട് ബന്ധപ്പെട്ട് കാറുകൾ അയൽ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തു തരാമെന്ന് പറഞ്ഞാണ് സമീപിക്കുന്നത്.
പ്രമുഖരെന്നും സമൂഹത്തിൽ സ്വാധീനമുള്ളവരെന്നും സ്വയം പരിചയപ്പെടുത്തുന്ന ഇവർ മികച്ച ഡീലുകൾ ഓഫർ ചെയ്തും മറ്റു വാഗ്ദാനങ്ങൾ നൽകിയുമാണ് കബളിപ്പിക്കുന്നത്. സംശയം കൂടാതെ തട്ടിപ്പുകാരുടെ പ്രലോഭനങ്ങളിൽ അകപ്പെടുന്നവരുടെ പണം തട്ടിയെടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അവർ വാഗ്ദാനം നൽകുന്ന ഓഫറുകൾ പൂർണമായും വ്യാജമാണെന്നും ആൾമാറാട്ടം നടത്തി നിങ്ങളെ സമീപിക്കുന്ന വ്യക്തികളുമായി ഒരു ബന്ധവുമില്ലെന്നും ബന്ധപ്പെട്ട കമ്പനികൾ അറിയിച്ചിട്ടുണ്ട്.
ഇത്തരം തട്ടിപ്പിൽനിന്ന് ജനങ്ങൾ ജാഗ്രതരാവണമെന്നും കൂടുതൽ തട്ടിപ്പുകളിൽനിന്ന് മറ്റുള്ളവരെ രക്ഷപ്പെടുത്താൻ മുന്നറിയിപ്പ് കുടുംബാംഗങ്ങൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും പങ്കിടാനും അധികൃതർ മുന്നറിയിപ്പ് നൽകി. സംശയാസ്പദമായി ഇത്തരം തട്ടിപ്പുകൾ ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ 992 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
ഔദ്യോഗിക സ്ഥിരീകരണം നൽകാതെ പ്രശസ്തരാണെന്നോ സ്വാധീനമുള്ളവരാണെന്നോ പറഞ്ഞ് നിങ്ങളെ സമീപിക്കുകയോ വിളിക്കുകയോ ചെയ്യുന്നവരെ വിശ്വസിക്കാതിരിക്കുക ഇടപാടിന്റെ ഉറവിടവും നിയമസാധുതകളും പൂർണമായി വ്യക്തമാക്കാതെ ഒരിക്കലും പണം കൈമാറരുത്സം ശായാസ്പദവും അനൗപചാരിക വഴികളിലൂടെയും നടത്തുന്ന വിൽപനകൾ തട്ടിപ്പാകാൻ സാധ്യത കൂടുതലാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.