ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരിയും കൂടിക്കാഴ്ചക്കിടെ
മനാമ: സൗദി ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവിലിൽ പങ്കെടുക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണം. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരിയും ഇന്നലെ ഗുദൈബിയ പാലസിൽ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഹമദ് രാജാവിനുള്ള ക്ഷണം അംബാസഡർ കൈമാറിയത്. ഈ വർഷം ഒക്ടോബറിൽ റിയാദിൽ വെച്ചാണ് ഫോറം. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ രക്ഷാകർതൃത്വത്തിലാണ് ഫോറം സംഘടിപ്പിക്കുന്നത്.
ദീർഘകാലത്തെ ബഹ്റൈൻ-സൗദി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ആഴത്തിലുള്ള പങ്കാളിത്തവും വിവിധ മേഖലകളിലെ സഹകരണവും കാരണമാകുന്നുവെന്ന് കൂടിക്കാഴ്ചക്കിടെ കിരീടാവകാശി പറഞ്ഞു. ഹമദ് രാജാവിന്റെയും സൽമാൻ രാജാവിന്റെയും മാർഗനിർദേശത്തിലും പിന്തുണയിലും പങ്കാളിത്തം വളർന്നുകൊണ്ടിരിക്കുകയാണെന്നും കിരീടാവകാശി പറഞ്ഞു. പരസ്പര അഭിലാഷങ്ങൾക്കനുസരിച്ച് ഉഭയകക്ഷി സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ തുടർച്ചയായ പിന്തുണ അദ്ദേഹം എടുത്തുപറഞ്ഞു. വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിരമായ പ്രാദേശിക സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിൽ സൗദി അറേബ്യയുടെ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈൻ-സൗദി പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ കിരീടാവകാശി കാണിക്കുന്ന പ്രതിബദ്ധതക്ക് അംബാസഡർ അൽ സുദൈരി നന്ദി രേഖപ്പെടുത്തി. ബഹ്റൈന് തുടർച്ചയായ വളർച്ചയും സമൃദ്ധിയും അദ്ദേഹം ആശംസിച്ചു.ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും കാബിനറ്റ് കാര്യ മന്ത്രി ഹമദ് അൽ മൽക്കിയും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.