ഐ.സി.എഫ് രിഫാഈ കെയർ സഹായ പദ്ധതി സമർപ്പണം
മുഖ്യമന്ത്രി പിണറായി വിജയനും കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാരും ചേർന്ന് നിർവഹിക്കുന്നു
മനാമ: പ്രവാസലോകത്തെ സജീവ സാന്നിധ്യമായ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ആവിഷ്കരിച്ച പുതിയ കാരുണ്യ പദ്ധതിയായ ‘രിഫാഈ കെയർ’ ഓട്ടിസം ബാധിച്ച ആയിരം കുട്ടികൾക്ക് ആശ്വാസമാകുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കേരള മുസ് ലിം ജമാഅത്ത് കേരള യാത്രയുടെ സമാപന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ എന്നിവർ ചേർന്ന് പദ്ധതിയുടെ സമർപ്പണം നിർവഹിച്ചു.
പ്രത്യേക പരിഗണനയും പരിചരണവും ആവശ്യമുള്ള ആയിരം കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുന്ന ഈ പദ്ധതി കേരളത്തിന് വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്. പാവപ്പെട്ട മനുഷ്യർക്കായി ജീവിതം സമർപ്പിച്ച രിഫാഈ ശൈഖിന്റെ സ്മരണാർഥമാണ് സംഘടന ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്താകെ തിരഞ്ഞെടുക്കപ്പെടുന്ന ഓട്ടിസം ബാധിച്ച ആയിരം കുഞ്ഞുങ്ങൾക്ക് മാസത്തിൽ 2500 രൂപ പ്രകാരം വർഷത്തിൽ 30,000 രൂപ വീതമാണ് സാമ്പത്തിക സഹായം നൽകുക. സ്നേഹത്തിന്റെ നനവുള്ള അനശ്വരമായ ഒരു സ്മാരകമായാണ് ‘രിഫാഈ കെയർ’ പദ്ധതിയെ സംഘടന അവതരിപ്പിക്കുന്നത്.
ലോകം കോവിഡ് പ്രതിസന്ധിയിൽ ശ്വാസം മുട്ടിയ ഘട്ടത്തിൽ ഐ.സി.എഫ് നടത്തിയ പ്രവർത്തനങ്ങൾ അതീവ ശ്രദ്ധേയമായിരുന്നു. സർക്കാറിന്റെ നോർക്ക ‘കെയർ ഫോർ കേരള’ പദ്ധതിയുടെ ഭാഗമായി വയനാട് മെഡിക്കൽ കോളജിലും മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലും രണ്ട് ഓക്സിജൻ പ്ലാന്റുകൾ നൽകിക്കൊണ്ട് സംഘടന മാതൃകയായിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയമുയർത്തി ‘രിഫായി കെയർ’ പദ്ധതി. ബഹ്റൈനിലെ 42 യൂനിറ്റുകളിലായി നടന്ന യൂനിറ്റ് സമ്മേളനങ്ങളുടെ ഉപഹാരമായാണ് രിഫാഈ കെയർ കുടുംബങ്ങളെ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.