മനാമ: രാജ്യത്തെ നിരാലംബരായ മനുഷ്യർക്ക് തണലും തുണയുമാകുന്ന റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ആർ.എച്ച്.എഫ്) 24ാം വാർഷികത്തിൽ അഭിമാനം പ്രകടിപ്പിച്ച് ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ.
2000ൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരം തുടങ്ങിയ ‘ഓർഫൻ സ്പോൺസർഷിപ് കമ്മിറ്റി’ യാണ് 2001ൽ ഉത്തരവ് പ്രകാരം റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനായി മാറിയത്.
ജീവകാരുണ്യ, മാനുഷികപ്രവർത്തനങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ മഹത്തായ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി അനാഥകളെയും വിധവകളെയും പരിപാലിക്കുക ലക്ഷ്യമാക്കിയാണ് ആർ.എച്ച്.എഫ് സ്ഥാപിതമായത്. അനുകമ്പ, ഐക്യദാർഢ്യം, സാമൂഹികനീതി എന്നീ മൂല്യങ്ങളിലൂന്നി അനാഥരുടെയും നിരാലംബരുടെയും പരിചരണത്തിനായി തുടങ്ങിയ ആർ.എച്ച്.എഫ് സമൂഹത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയതായി സെക്രട്ടറി ജനറൽ ഊന്നിപ്പറഞ്ഞു.
സ്ഥാപിതമായതുമുതൽ തന്നെ വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ സമഗ്രമായ പരിചരണം നൽകി ആയിരക്കണക്കിന് ഗുണഭോക്താക്കളെ അന്തസ്സോടെ ജീവിക്കാൻ പ്രാപ്തരാക്കുന്നതിൽ ആർ.എച്ച്.എഫ് വിജയിച്ചതായി അദ്ദേഹം പറഞ്ഞു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ പിന്തുണയോടെയും മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ മാർഗനിർദേശത്തോടെയും ഹമദ് രാജാവിന്റെ കാഴ്ചപ്പാടുകളെ പിന്തുടരുന്ന ഫൗണ്ടേഷന്റെ പ്രതിബദ്ധതയും ശൈഖ് അലി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.