മനാമ: ബഹ്റൈനിൽ വാടകക്ക് കാറെടുത്ത് അപകടമുണ്ടാക്കിയ മലയാളി കാറുടമക്ക് വരുത്തിവെച്ചത് 15 ലക്ഷത്തിന്റെ ബാധ്യത. കണ്ണൂരുകാരനായ യുവാവ് മദ്യപിച്ച് വാഹനമോടിച്ച് മറ്റൊരു ലക്ഷ്വറി വാഹനത്തിൽ ചെന്നിടിച്ചു എന്നായിരുന്നു കേസ്മദ്യപിച്ച് വാഹനമോടിച്ചാൽ ഇൻഷുറൻസ് ലഭിക്കില്ല എന്ന നിയമം ബഹ്റൈനിൽ നിലനിൽക്കെ വാഹനമോടിച്ചയാളിൽനിന്ന് അത് ഈടാക്കുകയാണ് ചെയ്യാറ്.ഇതുപ്രകാരം കാറോടിച്ച ഇയാൾക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ കുറച്ചുകാലത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ പ്രതി ബഹ്റൈൻ വിട്ടതായാണ് വിവരം.
സംഭവം നടന്ന് നാലുവർഷത്തിന് ശേഷമാണ് കേസ് വിധിയാകുന്നതും പൊലീസ് പ്രതിയെ അന്വേഷിച്ച് കാറുടമയുടെ അടുത്തെത്തുന്നതും.തന്റെ കമ്പനിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് കോടതി മരവിപ്പിച്ചതിന് പിന്നാലെയാണ് കാറുടമക്ക് കേസിന്റെ വ്യാപ്തിയും താൻ കുരുക്കിലകപ്പെട്ടു എന്നും ബോധ്യമായത്. അപകടം വരുത്തിവെച്ച വ്യക്തി നാടുവിട്ടതിനാൽ ഉത്തരവാദിത്വം മുഴുവനായും കാറുടമ ഏൽക്കേണ്ടിവരുകയായിരുന്നു.
മുഹറഖിൽ റെന്റ് എ കാർ നടത്തുന്ന കോഴിക്കോട് സ്വദേശിക്കാണ് ഈ കുരുക്ക് വിനയായത്. ആകെ ഇൻഷുറൻസ് കമ്പനിക്ക് നൽകാനുള്ള തുകയും കോടതി ഫീസുമായി ആകെ 7000 ദീനാറിന്റെ ബാധ്യതയാണ് ഇദ്ദേഹത്തിന് വന്നുചേർന്നത്.തുക മുഴുവനായും കാറുടമ അടച്ചെങ്കിലും ബഹ്റൈൻ വിട്ട പ്രതിയെ കണ്ടെത്താൻ കണ്ണൂരിലും പ്രദേശത്തും വ്യാപക അന്വേഷണം നടത്തുന്നുണ്ട്. കാർ വാടകക്ക് കൊടുക്കുമ്പോൾ അയാളുടെ സി.പി.ആർ മാത്രമായിരുന്നു രേഖയായി വാങ്ങിയിരുന്നത്. അത് മാത്രമാണ് പ്രതിയിലേക്കെത്താനുള്ള ഏക വഴിയും.
പ്രവാസികൾക്കിടയിൽ തട്ടിപ്പും വഞ്ചനയും അധികരിക്കുന്ന സാഹചര്യമാണ്. അധ്വാനിക്കുന്ന പണം സംരക്ഷിക്കേണ്ടതും സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതും നാമോരുരുത്തരുടെയും ബാധ്യതയാണ്.സംശയം തോന്നുന്ന ഒരു വ്യക്തിയുമായോ അല്ലെങ്കിൽ ഡിജിറ്റൽ മാർഗമുപയോഗിച്ച് തെറ്റായ രീതിയിലോ പണം കൈമാറാനോ മറ്റോ ശ്രമിക്കരുത്. ഇടപാട് നടത്തുന്നയാളെക്കുറിച്ച് മനസ്സിലാക്കിയശേഷം നടത്തുക. സുരക്ഷ സ്വന്തമായി കൈക്കൊള്ളുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.