മനാമ: വളർത്തുമൃഗങ്ങളെ സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾ മൃഗങ്ങളുടെ വാക്സിനേഷനുകളും പാസ്പോർട്ടുകളും കൃത്യസമയത്ത് പൂർത്തിയാക്കാൻ നിർദേശം. നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം.
അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചും, കമ്പനികൾ പെട്ടെന്ന് സ്ഥലം മാറ്റിയാൽ വളർത്തുമൃഗങ്ങളുമായി എങ്ങനെ പോകണം എന്നതിനെക്കുറിച്ചുമുള്ള ആശങ്കകളും ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നതിനെതുടർന്നാണിത്. വരും ദിവസങ്ങളിലും ആഴ്ചകളിലും തങ്ങളുടെ മൃഗങ്ങളെ യാത്രക്ക് സജ്ജമാക്കാൻ വാക്സിനേഷനുകൾക്കായി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന നിരവധി ആളുകളിൽ നിന്ന് കോളുകളും സന്ദേശങ്ങളും ലഭിച്ചതായി ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക റീജ്യനൽ ഡയറക്ടറും ജെറ്റ്പെറ്റ് ഗ്ലോബൽ ഉടമയുമായ ഇംഗെ മിച്ചൽസ് പറഞ്ഞു.
വളർത്തുമൃഗങ്ങളുള്ളവർ ആദ്യം ഒരു 'ക്രൈസിസ് ഫയലിൽ' രജിസ്റ്റർ ചെയ്യണമെന്ന് മിച്ചൽസ് നിർദേശിച്ചു. ഇത് മൃഗത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു സൗജന്യ സേവനമാണ്. ഈ ഫയലിൽ രജിസ്റ്റർ ചെയ്യുന്നത് വഴി, ഒഴിപ്പിക്കൽ സമയത്ത് ഉടമ രാജ്യത്ത് ഇല്ലെങ്കിൽ പോലും, വളർത്തുമൃഗത്തെ ഉടമയുടെ അടുത്തേക്കോ ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്കോ എത്തിക്കാൻ ഏജൻസിക്ക് സാധിക്കും. റാബിസ് വാക്സിൻ പോലുള്ള ചില വാക്സിനുകൾ യാത്രക്ക് ഒരു മാസം മുമ്പെങ്കിലും എടുക്കണം, അതിനാൽ എത്രയും വേഗം അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. മറ്റു പ്രധാന ആവശ്യകതകളിൽ ഒരു മൈക്രോചിപ്പ്, ഡിഎച്ച്പിൽ വാക്സിൻ , ട്രൈകാറ്റ് വാക്സിൻ എന്നിവ ഉൾപ്പെടുന്നു.
ഓരോ രാജ്യത്തിനും വ്യത്യസ്ത മാനദണ്ഡങ്ങളുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. ചില രാജ്യങ്ങൾക്ക് രണ്ടാഴ്ച മതിയാകുമ്പോൾ, മറ്റു ചിലതിന് നിരവധി മാസങ്ങൾ എടുക്കാം. അതുകൊണ്ട്, നടപടിക്രമങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കുന്നതാണ് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.