മനാമ: സ്റ്റേജ് ഷോകളുടെയും ഷോർട്ട് ഫിലിമുകളുടെയും ഭാഗമായിരുന്നപ്പോഴും സിനിമയായിരുന്നു എന്നും തെൻറ സ്വപ്നമെന്ന് ഇൗ വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ രജിഷ വിജയൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഒരു സിനിമയിലെങ്കിലും ജനം അംഗീകരിക്കുന്ന കഥാപാത്രമാവുക എന്നതാണ് ആഗ്രഹമെന്നും അവർ പറഞ്ഞു.
ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു രജിഷ.
അപ്രതീക്ഷിതമായാണ് സിനിമയിലെത്തിയത്. ‘അനുരാഗ കരിക്കിൻവെള്ളം’ എന്ന സിനിമയുടെ സംവിധായകൻ റഹ്മാൻ ഖാലിദിനെ നേരത്തെ പരിചയമുണ്ടായിരുന്നു. അദ്ദേഹം ഒരു സിനിമ ചെയ്യുന്നു, അതിലേക്ക് നടിയെ വേണമെന്ന് തന്നോട് ആവശ്യപ്പെടുകയും ചെയ്തു. പലരെയും പരിചയപ്പെടുത്തി. എന്നാൽ ആരെയും അദ്ദേഹത്തിന് ഇഷ്ടമായില്ല. ‘എലിസബത്ത്’ എന്ന കഥാപാത്രത്തിെൻറ സവിശേഷതകൾ ഒരു കുട്ടിയിലും കണ്ടെത്താനായില്ലെന്നിരിക്കെ അവസാനമാണ് തന്നെ വിളിച്ച് ടെസ്റ്റ് നടത്തിയത്. അങ്ങനെയാണ് വഴി തെളിഞ്ഞത്.
കെ.പി.എ.സി ലളിത, രേവതി, ഉർവശി തുടങ്ങിയവരുടെ അഭിനയം കാണുേമ്പാൾ വല്ലാത്ത ആകർഷണം തോന്നിയിട്ടുണ്ട്. അവരെല്ലാം മാതൃക തന്നെയാണ്. എന്നാൽ ആരെയും അനുകരിക്കാൻ ശ്രമിക്കില്ല. അവരെ ജനങ്ങൾ സ്നേഹിക്കുന്നതിന് കാരണം ചെയ്ത ശ്രദ്ധേയ വേഷങ്ങളാണ്. അത്തരം വേഷങ്ങൾ ലഭിക്കണം.
പുരസ്കാരം ലഭിച്ച സിനിമയിലെ കഥാപാത്രത്തിെൻറ പേരായ ‘എലി’ എന്ന് വിളിച്ച് പ്രായഭേതമന്യേ പലരും ഫോൺ ചെയ്യുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അതാണ് വലിയ പുരസ്കാരം. അറ്റമില്ലാതെ സിനിമകൾ ചെയ്യണം എന്ന് ആഗ്രഹമില്ല. ചെയ്യുന്ന കഥാപാത്രങ്ങൾ ജനം ഒാർമിക്കുന്നതാകണം.
ആദ്യമായി അഭിനയിക്കുന്ന സിനിമയിൽ തന്നെ പുരസ്കാരം ലഭിക്കുക എന്നത് സിനിമ ചരിത്രത്തിൽ കുറവാണ്. അത് ഭാഗ്യമായാണ് കരുതുന്നത്. സിനിമ കൂട്ടായ പ്രവർത്തനമാണ്.
സിനിമ ഉണ്ടാക്കുന്നതിെൻറ ബുദ്ധിമുട്ട് നേരിട്ടനുഭവിച്ചതുകൊണ്ട് ഒരുപാട് പേരുടെ വിയർപ്പിെൻറയും കഠിനാധ്വാനത്തിെൻറയും ശ്രമഫലമാണതെന്ന തിരിച്ചറിവുണ്ടായി. മുെമ്പാക്കെ റിലീസിെൻറ അന്നുതന്നെ ആ സിനിമയുടെ സീഡി വാങ്ങി കണ്ടിട്ടുണ്ട്. ഇന്ന് അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞു. സിനിമയിൽ എളുപ്പമുള്ളത് അഭിനയം മാത്രമാണ്.
അഭിനയിക്കുന്നവർക്ക് കാറിൽവന്ന് അഭിനയിച്ച് തിരിച്ചുപോയാൽ മതി. എന്നാൽ അതിന് പിന്നിലുള്ള ഒരുപാട് പേരുടെ കഠിന പ്രയത്നങ്ങൾ കൊണ്ടാണ് സിനിമയെന്ന കലാരൂപം രൂപപ്പെടുന്നത്.
ഒരു സിനിമ ചെയ്ത് കഴിയുന്നതോടെ അതിലെ കഥാപാത്രം മനസിൽ നിന്ന് കുടിയിറങ്ങണം. ഒരു കഥാപാത്രം കഴിഞ്ഞാൽ മറ്റൊന്നാവണം. അങ്ങിനെ ചിന്തിക്കാനാണ് ഇഷ്ടം. ‘എല്ലാം ഒരുപോലെ’ എന്ന് പ്രേക്ഷകർ പറയരുത്. മലയാള സിനിമയിൽ നിരവധി നടിമാർ വ്യത്യസ്ത വേഷങ്ങൾ ചെയ്യുന്നുണ്ട്. ‘കിലുക്ക’ത്തിലെ രേവതിയല്ല, ‘ദേവാസുര’ത്തിലെ രേവതി. ‘മണിച്ചിത്രത്താഴി’ലെ ശോഭനയല്ല, ‘തേൻമാവിൻ കൊമ്പത്തി’ലെ ശോഭന. ഇങ്ങനെ മാറ്റങ്ങൾക്കുവേണ്ടിയുള്ള തയാറെടുപ്പുകൾ കൂടി താൻ നടത്തുന്നുണ്ടെന്ന് രജിഷ പറഞ്ഞു.
1980^95 വരെയുള്ള കാലഘട്ടത്തിലെ സ്ത്രീ കഥാപാത്രങ്ങൾ വളരെ സ്ട്രോങ്ങാണ്. നായകനൊപ്പം നിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ. ഇപ്പോൾ അങ്ങിനെയുള്ള റോളുകൾ കുറവാണ്.കഥയിലും കഥാപാത്രങ്ങളിലും മാറ്റങ്ങൾ ആവശ്യപ്പെടുന്നവരാണ് പ്രേക്ഷകർ. അതുകൊണ്ടുതന്നെ സിനിമകൾക്ക് കാലഘട്ടങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ അനിവാര്യമാണ്.
ടെക്നോളജിയായാലും ചിത്രീകരണത്തിലായാലും മാറ്റങ്ങൾ വേണം. എന്നും ആക്ഷൻ പടങ്ങളും കണ്ണീർ പടങ്ങളും ഉണ്ടായാൽ ജനങ്ങൾക്ക് മടുപ്പുണ്ടാകും.
ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഒാരോ കാലഘട്ടങ്ങളിലും അത്തരം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ സിനിമകളെ ‘ന്യൂജെൻ’ എന്ന് പേരിട്ട് വിളിക്കുന്നത് എത്രത്തോളം ശരിയാണെന്ന് അറിയില്ല. പല വിഷയങ്ങളുമായി യാഥാർഥ്യം ഉൾകൊണ്ടുള്ള സിനിമകൾ വരുന്നുണ്ട്.
മലയാള സിനിമ കലാമൂല്യത്തിെൻറ കാര്യത്തിൽ മുന്നേറുകയാണെന്നതിൽ സംശയമില്ല. ഇനിയും നല്ല സിനിമയുടെ ഭാഗമാകുകയെന്നതാണ് ആഗ്രഹമെന്നും രജിഷ വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.