മഴയോട് മഴ; റോഡുകള്‍ പുഴയായി

മനാമ: സമീപകാലത്തെ ഓര്‍മയിലൊന്നുമില്ലാത്ത മഴയില്‍ നടുങ്ങി നില്‍ക്കുകയാണ് ബഹ്റൈന്‍. വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ പല റോഡുകളും പുഴപോലെയായി. 
കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിവരെ വിമാനത്താവളത്തില്‍ 45എം.എമ്മും ദക്ഷിണ മേഖലയില്‍ 50 എം.എമ്മുമാണ് മഴ ലഭിച്ചത്. ഹമദ്ടൗണ്‍, ബുദയ്യ ഹൈവെ, ഈസ ടൗണ്‍, മുഹറഖ്, മനാമയിലെ ചിലയിടങ്ങള്‍, ഗുദൈബിയയിലെ ചില റോഡുകള്‍ എന്നിവടിങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ട്. വെള്ളക്കെട്ട് മൂലം കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പലയിടത്തും വാഹനങ്ങള്‍ വെള്ളംകയറി ഓഫ് ആയ നിലയില്‍ കാണാമായിരുന്നു. 
 ഫെബ്രുവരിയിലെ ശരാശരി മഴ 16.2 എം.എം.ആണ്. 1988 ഫെബ്രുവരിയിലാണ് രാജ്യത്ത് ഏറ്റവുമധികം മഴ പെയ്തത്. അന്ന് 106.8 എം.എം.മഴയാണ് രേഖപ്പെടുത്തിയത്. ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ 999 എന്ന നമ്പറില്‍ സിവില്‍ ഡിഫന്‍സുമായി ബന്ധപ്പെടാവുന്നതാണ്. ഇന്നും വരുന്ന ഏതാനും ദിവസങ്ങളിലും തണുപ്പിന് സാധ്യതയുണ്ട്. ശക്തിയേറിയ കാറ്റടിക്കാനും സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രങ്ങള്‍ അറിയിച്ചു. 
 കനത്തമഴയെ തുടര്‍ന്ന് ഇന്നലെ നടക്കാനിരുന്ന മിനി മാരത്തണ്‍ മാറ്റി. ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കായുള്ള ധനസമാഹരണവും ഈ അവസ്ഥയെക്കുറിച്ചുള്ള ബോധവത്കരണവും ലക്ഷ്യമിട്ടാണ് 10ാമത് വാര്‍ഷിക മാരത്തണ്‍ നടത്താനിരുന്നത്. ഇത് അടുത്ത വെള്ളിയിലേക്ക് മാറ്റി. 
കാലത്ത് 8.30ന് ബാര്‍ബര്‍ ജവാദ് ഡോമില്‍ നിന്നാണ് മാരത്തണ്‍ തുടങ്ങുക. പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റീസ്, നഗരാസൂത്രണ മന്ത്രാലയത്തിലെ മുന്‍സിപ്പാലിറ്റി കാര്യ അണ്ടര്‍ സെക്രട്ടറി നബീല്‍ അബു അല്‍ ഫാത്തിഹ് വിവിധ ഗവര്‍ണറേറ്റുകളില്‍ മഴക്കെടുതി പരിഹരിക്കാന്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 
സതേണ്‍ ഗവര്‍ണറേറ്റിലത്തെിയ അദ്ദേഹം ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ ശ്രമം ശക്തിപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കി. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് 700 ലധികം പരാതികളാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ ലഭിച്ചതെന്ന് സതേണ്‍ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അസീം അബ്ദുല്‍ ലത്തീഫ് പറഞ്ഞു. ഇവിടെ മൊത്തം 1200 ടാങ്കര്‍ വെള്ളം വറ്റിച്ചിട്ടുണ്ട്. 
മഴ മൂലമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 24 മണിക്കൂറും ശ്രമം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ജനങ്ങളില്‍ നിന്ന് മികച്ച സഹകരണമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Tags:    
News Summary - rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.