മനാമ: ബഹ്റൈനിൽ ഈ വരുന്ന ഏഴാം തീയതി ഞായറാഴ്ച ദൃശ്യമാകുന്ന രക്തചന്ദ്രനെയും ചന്ദ്രഗ്രഹണവും കാണാൻ അവസരമൊരുക്കുന്നു. ബഹ്‌റൈൻ അസ്‌ട്രോണമിക്കൽ സൊസൈറ്റി അലുംനി ക്ലബ്ബുമായി സഹകരിച്ചാണ് പൊതു പരിപാടി സംഘടിപ്പിക്കുന്നത്. അദ്‌ലിയയിലെ അലുംനി ക്ലബ്ബിന്റെ ലൈബ്രറി ഹാളിൽ സെപ്റ്റംബർ ഏഴിന് വൈകുന്നേരം 6.30നാണ് പരിപാടി ആരംഭിക്കുക.
ഗ്രഹണങ്ങളുടെ ശാസ്ത്രം വിശദീകരിക്കുന്ന പ്രഭാഷണങ്ങൾ, ടെലിസ്‌കോപ്പ് വഴിയുള്ള തത്സമയ നിരീക്ഷണം, വലിയ സ്ക്രീനിൽ ഗ്രഹണത്തിന്റെ തത്സമയ പ്രദർശനം എന്നിവ പരിപാടിയുടെ ഭാഗമാകും. വൈകുന്നേരം 7.30ന് ഗ്രഹണം ഭാഗികമായി ആരംഭിക്കും. തുടർന്ന് 8.30 മുതൽ 9.52 വരെ ചന്ദ്രൻ പൂർണമായി ഭൂമിയുടെ നിഴലിലേക്ക് പ്രവേശിക്കും. 82 മിനിറ്റ് നീണ്ടുനിൽക്കുന്ന പൂർണഗ്രഹണമാണിത്.രാത്രി പത്തോടെ പരിപാടി അവസാനിക്കും.
പൂർണ ഗ്രഹണസമയത്ത് ചന്ദ്രൻ പൂർണമായി അപ്രത്യക്ഷമാവില്ലെന്നും പകരം ചുവപ്പ് നിറത്തിലായിരിക്കും കാണപ്പെടുകയെന്നും ഡോ. വഹീബ് അൽ നാസർ പറഞ്ഞു. സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ അപവർത്തനം സംഭവിക്കുന്നതുകൊണ്ടാണ് ഈ ചുവപ്പ് നിറം ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പരിപാടി പൊതുജനങ്ങൾക്കും ഉപയോഗിക്കാം. ലഘുഭക്ഷണവും ലഭ്യമാക്കും. ചന്ദ്രഗ്രഹണം സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി നഗ്നനേത്രങ്ങൾ കൊണ്ട് സുരക്ഷിതമായി കാണാൻ സാധിക്കും. കാരണം ചന്ദ്രഗ്രഹണങ്ങൾ സൂര്യപ്രകാശത്തെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തത്സമയ നിരീക്ഷണം റദ്ദാക്കുമെന്നും എന്നാൽ പ്രഭാഷണങ്ങൾ മറ്റൊരു സ്ഥലത്ത് നിന്ന് തത്സമയ പ്രക്ഷേപണത്തോടൊപ്പം തുടരുമെന്നും സംഘാടകർ അറിയിച്ചു.
ബഹ്‌റൈനിൽ ഇത്രയും നീണ്ട ഒരു പൂർണ്ണ ഗ്രഹണം എല്ലാ ദിവസവും കാണാൻ ലഭിക്കുന്ന ഒന്നല്ലെന്നും അപൂർവ അവസരമാണെന്നും ഡോ. വഹീബ് അൽ നാസർ പറഞ്ഞു. യുവതലമുറക്ക് ശാസ്ത്രം നേരിട്ട് കാണാനും, ചോദ്യങ്ങൾ ചോദിക്കാനും, പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിൽ പ്രചോദിതരാകാനും ഇതൊരു സുവർണ്ണാവസരമാണ്. ആകാശത്തേക്ക് നോക്കുന്നത് നമ്മൾ ഒരു വലിയ പ്രപഞ്ചത്തിന്റെ ഭാഗമാണെന്ന വിനയം നമ്മെ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ 38990011 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.