മനാമ: ഇലക്ഷൻ കമ്മീഷൻ്റെ വോട്ടർ പട്ടിക പരിഷ്കരണ വുമായി ബന്ധപ്പെട്ട് നടപ്പാക്കിയ എസ്.ഐ.ആർ അഥവാ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം ഒരു തരത്തിലുള്ള പൗരത്വം തെളിയിക്കൽ പ്രക്രിയയാണെന്ന് യൂത്ത് ഇന്ത്യ അഭിപ്രായപ്പെട്ടു. നിലവിലെ വോട്ടർ പട്ടിക മരവിപ്പിക്കുകയും 2002 ലെ പട്ടിക ഉപയോഗിച്ച് വോട്ടർ പട്ടിക പുതുക്കുകയും ചെയ്യേണ്ടി വരുന്നത് നിരവധി പേർക്ക് അവരുടെ വോട്ടിംഗ് അവകാശം അടക്കമുള്ളവ നഷ്ടപ്പെടാൻ ഇടവരുത്തുന്നതുമാണ്.
2026 ൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ 2002 ന് ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ വീണ്ടും പട്ടികയിൽ പേര് ഉൾപ്പെടുത്താൻ അനാവശ്യമായ കടമ്പകൾ താണ്ടേണ്ടി വരുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. മരണപ്പെട്ട് പോയ മാതാപിതാക്കളുടെ രേഖകൾ അടക്കം ഇതിനായി ഹാജരാക്കേണ്ടിയും വരും. സ്വന്തം ആധാർ കാർഡും, റേഷൻ കാർഡും, ജനന സർട്ടിഫിക്കറ്റുമൊന്നും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ രേഖയല്ലാതായി മാറുന്ന അവസ്ഥയും എസ്.ഐ.ആർ നടപ്പാക്കിയ സംസ്ഥാനങ്ങളിൽ കണ്ടതാണ്.
ലക്ഷക്കണക്കിന് പേർ ഇതിൻ്റെ പേരിൽ വോട്ടവകാശം നിഷേധിക്കപ്പെട്ട് തങ്ങൾ ഈ രാജ്യത്തെ പൗരന്മാരാണോ എന്ന ചോദ്യമടക്കം നേരിടുകയാണ്. സുപ്രീം കോടതിയിൽ വാദം കേട്ടുകൊണ്ടിരിക്കുന്ന ഈ വിഷയത്തിൽ ഇത്ര തിടുക്കപ്പെട്ട് നടപ്പാക്കുന്നതിൽ ദുരൂഹതയുണ്ട്. പൗരത്വ നിയമം വളഞ്ഞ വഴിയിലൂടെ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്ര ഭരണകൂടം ദുരുപയോഗം ചെയ്യുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനാവശ്യമായ നടപടിയിലൂടെ ഒട്ടനവധി ആളുകളാണ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്. ന്യൂനപക്ഷ, ദലിത് വിഭാഗത്തിൽ നിന്നുള്ളവരാണ് ഇവരിലധികവും. പുതിയ പട്ടികയിൽ പേര് ചേർക്കേണ്ടി വരുന്ന പ്രവാസി സമൂഹവും ആശങ്കയുടെ വക്കിലാണ്. പ്രവാസികളുടെ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട ഇടപെടലുകൾ യൂത്ത് ഇന്ത്യ നടത്തുമെന്ന് പ്രസിഡൻ്റ് അജ്മൽ ശറഫുദ്ദീൻ അറിയിച്ചു. സിഞ്ചിലെ ഫ്രൻഡ്സ് സെൻ്ററിൽ നടന്ന യൂത്ത് ഇന്ത്യ പ്രവർത്തക സംഗമത്തിൽ ജന. സെക്രട്ടറി ജുനൈദ് പ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.