മനാമ: വ്യക്തികളുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനോ കുടുംബാംഗങ്ങളെ അപകീർത്തിപ്പെടുത്താനോ വേണ്ടി എ.ഐ അല്ലെങ്കിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ചിത്രങ്ങളോ വിഡിയോകളോ ഓഡിയോയോ നിർമിക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്യുന്നവർക്ക് കനത്ത പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾ ചുമത്താൻ നിയമം വരുന്നു.
ഇൻഫർമേഷൻ ടെക്നോളജി ക്രൈംസ് നിയമത്തിൽ ഭേദഗതി വരുത്താനുള്ള നിർദേശത്തിന്മേൽ ശൂറാ കൗൺസിൽ നാളെ വോട്ട് ചെയ്യും. പുതിയ ഭേദഗതി പ്രകാരം, മറ്റൊരാളെ അവഹേളിക്കുന്ന രീതിയിലോ അല്ലെങ്കിൽ അവരുടെ സൽപ്പേരിന് ഹാനികരമാകുന്ന രീതിയിലോ കൃത്രിമം കാണിച്ച ഓഡിയോ, വിഡിയോ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാനോ വിതരണംചെയ്യാനോ വേണ്ടി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും തടവ് ശിക്ഷയോ 3000 ദീനാർ മുതൽ 10,000 ദീനാർ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാം.
എ.ഐ ഉപകരണങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും മനഃപൂർവം ഉപയോഗിച്ച് സമ്മതമില്ലാതെ കൃത്രിമമായി ഓഡിയോ, വിഡിയോ ഉള്ളടക്കങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കാനാണ് നിയമനിർമാണത്തിലൂടെ ലക്ഷ്യമിടുന്നത്. ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി വൈസ് ചെയർമാൻ അലി അൽ ഷെഹാബിയുടെ നേതൃത്വത്തിൽ അഞ്ച് കൗൺസിൽ അംഗങ്ങളാണ് ഈ നിയമനിർമാണ നിർദേശം സമർപ്പിച്ചത്.
എ.ഐയുടെ അതിവേഗത്തിലുള്ള വളർച്ചയും ‘ഡീപ്ഫേക്’ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ സാങ്കേതികവിദ്യ ദുരുപയോഗംചെയ്യുന്നതും വർധിക്കുന്ന സാഹചര്യത്തിലാണ് ഈ സംരംഭം. സത്യം വളച്ചൊടിക്കാനും മറ്റുള്ളവരുടെ വ്യക്തിത്വം അനുകരിക്കാനും ഈ സാങ്കേതികവിദ്യയുടെ ദുരുപയോഗം ഗുരുതരമായ വ്യക്തിപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സാമൂഹിക സുസ്ഥിരതയും വ്യക്തികളുടെ അന്തസ്സും സംരക്ഷിക്കാൻ നിയമപരമായ ഇടപെടൽ അത്യാവശ്യമാണെന്ന് അലി അൽ ഷെഹാബി പറഞ്ഞു.
ഈ നിർദേശം അംഗീകരിക്കുകയാണെങ്കിൽ, കൂടുതൽ പഠനത്തിനായി ഇത് കൗൺസിലിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതിക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.